

കൊല്ലപ്പെട്ട ഹംസ ബുർഹാൻ.
ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആശൂത്രകരിൽ ഒരാളായിരുന്ന ഹംസ ബുർഹാൻ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ (PoK) അജ്ഞാതരുടെ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ മുസാഫറാബാദിൽ ഉണ്ടായ ആക്രമണത്തിൽ ഹംസ ബുർഹാന് നേരെ അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഇയാൾ മരിച്ചതായാണ് വിവരം.
അർജുമന്ദ് ഗുൽസാർ ദാർ എന്നുകൂടി അറിയപ്പെടുന്ന ഹംസ ബുർഹാൻ, 'ഡോക്റ്റർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യുഎപിഎ (UAPA) നിയമപ്രകാരം ഭീകര സംഘടനയായി പ്രഖ്യാപിച്ച 'അൽ ബദർ' സംഘടനയിലെ സജീവ അംഗമായിരുന്നു ഇയാൾ. പുൽവാമ സ്വദേശിയായ ഇയാളെ 2022-ൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.
2019-ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് (CRPF) ജവാന്മാർക്കു ജീവൻ നഷ്ടമായിരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകരനായ അദീൽ അഹമ്മദ് ദാർ സ്ഫോടകവസ്തുക്കൾ നിറഞ്ഞ വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഈ ആക്രമണത്തിന്‍റെ ആസൂത്രണത്തിൽ പ്രധാന പങ്കുവഹിച്ച ഭീകരനാണ് ഇപ്പോൾ പാക് മണ്ണിൽ വെച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടിരിക്കുന്നത്.