യുഎസ്-ഇറാൻ സംഘർഷത്തിനിടെ ഒമാൻ സുൽത്താന്‍റെ നിർണായക യുകെ സന്ദർശനം

സുൽത്താന് ആതിഥേയത്വം വഹിക്കാൻ ചാൾസ് രാജാവ്
King Charles to host Sultan of Oman

ഒമാൻ  സുൽത്താന് ആതിഥേയത്വം വഹിക്കാൻ ചാൾസ് രാജാവ്

Updated on

ലണ്ടൻ: ഹോർമൂസ് കടലിടുക്കിനെ ചൊല്ലി അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്ത മാസം യുകെയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക സംസ്ഥാന സന്ദർശനം നടത്തും.

ബക്കിങ്ഹാം കൊട്ടാരം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ നിർണായക സന്ദർശന വിവരമുള്ളത്. ഒക്റ്റോബർ 20 മുതൽ 22 വരെ വിൻഡ്സർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങുകളിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ഒമാൻ സുൽത്താന് ആതിഥേയത്വം വഹിക്കും.

നയതന്ത്ര ബന്ധങ്ങൾ ദൃഢമാക്കുന്നതിനും സഖ്യ രാഷ്ട്രങ്ങളെ ഒപ്പം നിർത്തുന്നതിനുമായി പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് ബ്രിട്ടൻ വിദേശ ഭരണാധികാരികളെ സ്വീകരിക്കാറുള്ളത്. പരമ്പരാഗത കുതിര വണ്ടിയിലുള്ള യാത്ര, സൈനിക പരേഡ് പരിശോധന, രാജാവ് സംഘടിപ്പിക്കുന്ന ഔദ്യോഗിക വിരുന്ന്, ഉന്നത യുകെ ഭരണാധികാരികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ എന്നിവ ഈ സന്ദർശനത്തിന്‍റെ ഭാഗമായി സാധാരണയായി ഉണ്ടാകാറുണ്ട്. എന്നാൽ സന്ദർശനത്തിന്‍റെ കൂടുതൽ വിശദമായ വിവരങ്ങൾ കൊട്ടാരം വൃത്തങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒമാൻ ഇറാനുമായി കരാറിലെത്താൻ അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ഒമാനെതിരെ വ്യോമാക്രമണം നടത്തുമെന്ന് മുൻപ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മധ്യപൂർവേഷ്യൻ യുദ്ധത്തിന് മുൻപ് ലോകത്തിലെ ആകെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും കടന്നുപോയിരുന്ന തന്ത്രപ്രധാനമായ ജലപാതയാണിത്. ഈ കടലിടുക്കിന്‍റെ തെക്കൻ തീരത്തിന്‍റെ നിയന്ത്രണം കൈയാളുന്ന ഒമാന് മേൽ ഇരുരാജ്യങ്ങളുടെയും സമ്മർദ്ദം ശക്തമാകുന്നതിനിടയിലാണ് സുൽത്താന്‍റെ ബ്രിട്ടൻ സന്ദർശനം.

logo
Metro Vaartha
www.metrovaartha.com