

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് 29 പേരെ കൊലപ്പെടുത്തി
file photo
ആഡമാവ(നൈജീരിയ): നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നൈജീരിയയിലെ ആഡമാവ സംസ്ഥാനത്തെ ഗോംബി ഗുയാകു ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്. ടെലിഗ്രാം മെസേജിങ് ആപ്പിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ച ആഡമാവ ഗവർണർ അഹ്മദു ഉമാരു ഫിന്തിരി ഈ ആക്രമണത്തെ അത്യന്തം ദാരുണമെന്നും അംഗീകരിക്കാനാവാത്തത് എന്നും വിശേഷിപ്പിച്ചു. ഇരുപതു വർഷത്തിലേറെയായി വടക്കൻ നൈജീരിയയിൽ നിലനിൽക്കുന്ന സായുധ കലാപം പരിഹരിക്കാൻ സർക്കാരിന് ഇതു വരെ സാധിച്ചിട്ടില്ല.
സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ നൈജീരിയൻ സൈന്യത്തെ സഹായിക്കാൻ ഈ വർഷം ഫെബ്രുവരിയിൽ അമെരിക്ക തങ്ങളുടെ സൈനികരെ ഇവിടേയ്ക്ക് അയച്ചിരുന്നു. നൈജീരിയയിൽ ഐഎസ് പിന്തുണയുള്ള രണ്ടു പ്രധാന ഭീകര സംഘടനകളാണ് പ്രവർത്തിക്കുന്നത്. വടക്കു കിഴക്കൻ മേഖലയിൽ, പ്രത്യേകിച്ച് ആഡമാവ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ ആണ് സജീവമായിരിക്കുന്നത്.
സോക്കോട്ടോ, കെബ്ബി തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽ ലകുരാവ എന്നറിയപ്പെടുന്ന മറ്റൊരു വിഭാഗവും ആക്രമണങ്ങൾ നടത്താറുണ്ട്. ഗുയാകുവിൽ നടന്ന ആക്രമണത്തിനു പിന്നിൽ ഏതു വിഭാഗമാണെന്ന് കൃത്യമായി വ്യക്തമല്ലെങ്കിലും മേഖലയിൽ ഐഎസ്ഡബ്ല്യുഎപിയ്ക്കാണ് കൂടുതൽ സ്വാധീനം ഉള്ളത്.
ഗുയാകുവിൽ ആക്രമണം നടന്ന അതേ ദിവസം തന്നെ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒരു അനാഥാലയത്തിൽ നിന്ന് തോക്കുധാരികൾ 23 വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയി.
കോഗി സംസ്ഥന തലസ്ഥാനമായ ലോകോജയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തുള്ള ദഹല്ലു കിതാബ് സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. തട്ടിക്കൊണ്ടു പോയവരിൽ 15 കുട്ടികളെ പിന്നീട് രക്ഷപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ബാക്കിയുള്ള എട്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.