യുഎസിന് താവളം ഒരുക്കുന്നവരോട് ക്ഷമിക്കില്ല: ഭീഷ്മശപഥവുമായി ഇറാൻ

കുവൈറ്റിനെയും ബഹ്റൈനെയും പേരെടുത്തു പറഞ്ഞ് ഭീഷണി
യുഎസിന് താവളം ഒരുക്കുന്നവരോട് ക്ഷമിക്കില്ല:
ഭീഷ്മശപഥവുമായി ഇറാൻ Iran vows to not forgive those who provide shelter to US

യുഎസിന് താവളം ഒരുക്കുന്നവരോട് ക്ഷമിക്കില്ല:

ഭീഷ്മശപഥവുമായി ഇറാൻ

Updated on

ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമെരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലേയ്ക്ക്. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ സ്വയരക്ഷയ്ക്കായുള്ള നീക്കം എന്നു വിശേഷിപ്പിച്ച അമെരിക്കൻ വാദത്തെ പൂർണമായി തള്ളിക്കളഞ്ഞു കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ രംഗത്തെത്തി. അമെരിക്കയുടേത് വെടിനിർത്തൽ കരാറിന്‍റെ ലംഘനവും നഗ്നമായ അധിനിവേശവും യുദ്ധപ്രഖ്യാപനവും ആണെന്ന് ഇറാൻ ആരോപിച്ചു.

ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ അമെരിക്കയെ മാത്രമല്ല, പ്രാദേശിക രാജ്യങ്ങളായ കുവൈറ്റിനെയും ബഹ്റൈനെയും പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിൽ വിമർശിക്കുന്നുമുണ്ട്. തങ്ങളുടെ രാജ്യത്തു നിന്ന് ഇറാനു നേരെ ആക്രമണം നടത്താൻ അമെരിക്കയ്ക്ക് സൗകര്യം ഒരുക്കുന്ന ഏതൊരു പ്രാദേശിക രാജ്യവും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി.

അത്തരം രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയോ എയർബേസുകളെയോ ലക്ഷ്യമിട്ട് കൃത്യമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ ഭീഷണി. ഹോർമൂസ് കടലിടുക്കിൽ ഉണ്ടായിരുന്ന ഇറാന്‍റെ ഒരു എണ്ണക്കപ്പലിന് നേരെയും ഖേഷ്മം ദ്വീപിലെ കമ്യൂണിക്കേഷൻ കേന്ദ്രത്തിനു നേരെയും അമെരിക്ക ആക്രമണം നടത്തിയതായി ഐആർജിസി സ്ഥിരീകരിച്ചു.

ഇതിനു പ്രതികാരമായി ബുധനാഴ്ച പുലർച്ചെ ബഹ്റൈൻ ആസ്ഥാനമായുള്ള യുഎസിന്‍റെ അഞ്ചാം നാവികപ്പടയുടെ എയർബേസിനു നേരെയും ഹെലികോപ്റ്ററിനു നേരെയും ഐആർജിസി ശക്തമായ തിരിച്ചടി നൽകി.

ഇറാൻ അതിന്‍റെ സാമ്പത്തിക മേഖല നിലനിർത്താൻ പൂർണമായും ആശ്രയിക്കുന്ന ഹോർമൂസ് കടലിടുക്കിലെ സമുദ്രയാത്രകൾക്ക് നേരെയാണ് അമെരിക്കൻ അധിനിവേശം ഉണ്ടായിരിക്കുന്നത്.

ഇറാനിയൻ സമുദ്രാതിർത്തിക്ക് ഉള്ളിൽ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും ഇത് തങ്ങളുടെ തന്ത്രപ്രധാനമായ കപ്പൽ ഗതാഗതത്തെ തകർക്കാനുള്ള നീക്കമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇരു വിഭാഗവും കടുത്ത ഭാഷയിലുള്ള വെല്ലുവിളികളും ആക്രമണങ്ങളും തുടരുന്നതോടെ മേഖലയിൽ യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തലുകൾ.

logo
Metro Vaartha
www.metrovaartha.com