

ട്രംപിന്‍റെ തലയ്ക്ക് രണ്ടു കോടി ഡോളർ!
ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ്, വധിക്കപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയെ പ്രതികാരക്കടലാക്കി ഇറാനിയൻ ജനത. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേ കടുത്ത ജനരോഷവും വധഭീഷണിയുമാണ് ഈ വിലാപയാത്രയിൽ ഉടനീളം ഇറാനിയൻ ജനത ഉയർത്തുന്നത്. ടെഹ്റാനിൽ ഭരണകൂടം സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത വൻ വിലാപയാത്രയിൽ ഹജ്ജ് കർമങ്ങളിലെ പിശാചിനെ കല്ലെറിയൽ ചടങ്ങിനു സമാനമായ രീതിയിൽ ഡോണൾഡ് ട്രംപിന്‍റെ ചിത്രത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു പ്രതിഷേധിച്ചു.
ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മീസാൻ പുറത്തു വിട്ട ദൃശ്യങ്ങളിലാണ് പ്രതികാര ബുദ്ധിയോടെയുള്ള ഈ പ്രതീകാത്മക ചടങ്ങ് ലോകം കണ്ടത്. ഇറാന്‍റെ ദേശീയ പതാകകളും അലി ഖമനേയിയുടെ ചിത്രങ്ങളുമേന്തി കുട്ടികളടക്കമുള്ള വൻ ജനസഞ്ചയമാണ് തലസ്ഥാന നഗരിയിലെ തെരുവുകളിൽ തടിച്ചു കൂടിയത്. അമെരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളാൽ പ്രകമ്പനം കൊണ്ട തെരുവിൽ ട്രംപിന്‍റെ ചിത്രത്തിനു താഴെ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററും ട്രംപിനെ വധിക്കുക എന്ന പ്ലാക്കാർഡുമേന്തി ഒരു സ്ത്രീ നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധയാകർഷിച്ചു.
ഖമനേയിയുടെ മരണത്തിനു പ്രതികാരം ചെയ്യുന്നവർക്ക് കൊലപാതക പ്രതിഫലം എന്ന രീതിയിൽ ജീവനോടെയോ അല്ലാതെയോ ട്രംപിനെ പിടിച്ചു കൊടുക്കുന്നവർക്ക് രണ്ട് കോടി ഡോളർ സമ്മാനമായി നൽകുമെന്നും ഈ പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരുന്നു.
1979ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ യുഎസ് വിരുദ്ധ പ്രകടനങ്ങളും പതാക കത്തിക്കലും പതിവാണെങ്കിലും ഇത്തവണ ഖമനേയിയുടെ മരണത്തിന് കാരണക്കാരനായ ട്രംപിന്‍റെ യുദ്ധക്കൊതിയന്മാരായ ഉപദേശകരുടെ പട്ടിക തയാറാക്കി അവരെയും വധിക്കാൻ വിലാപയാത്രയിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.