

അമെരിക്കയുടെ സാക്ഷ്യപത്രം ആവശ്യമില്ല:തുറന്നടിച്ച് ഹിസ്ബുള്ള
ബെയ്റൂട്ട്: ഐആർജിസി ക്വദ്സ് ഫോഴ്സിന്‍റെ പൂർണ നിയന്ത്രണത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന അവകാശവാദം പാടേ തള്ളി ഹിസ്ബുള്ള. തങ്ങൾക്കെതിരെ ഉപരോധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ ഘടനയെക്കുറിച്ചുള്ള വർഗീകരണം പുതുക്കുന്നതിനും വേണ്ടിയാണ് യുഎസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
ലെബനന് മേൽ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദം ചെലുത്താനും രാജ്യത്തെ ബലഹീനപ്പെടുത്താനും ഇസ്രായേലിനെ സംരക്ഷിക്കാനുമാണ് അമേരിക്ക ഉപരോധങ്ങളെ ആയുധമാക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാനുമായുള്ള തങ്ങളുടെ അടുത്ത സഹോദരബന്ധത്തിൽ അഭിമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഹിസ്ബുള്ള, എന്നാൽ തങ്ങളുടെ ലെബനീസ് സ്വത്വം തെളിയിക്കാൻ അമേരിക്കയുടെ സാക്ഷ്യപത്രം ആവശ്യമില്ലെന്ന് തിരിച്ചടിച്ചു. മറ്റ് രാജ്യങ്ങളുടെയോ സംഘടനകളുടെയോ ദേശീയ സ്വത്വവും നിയമസാധുതയും തീരുമാനിക്കാൻ അമേരിക്കയ്ക്ക് യാതൊരു ധാർമ്മികയോ നിയമപരമോ ആയ അവകാശമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
അമേരിക്ക ഏർപ്പെടുത്തുന്ന ഇത്തരം ഉപരോധങ്ങളോ ഭീഷണികളോ തങ്ങളുടെ പ്രതിരോധ പാതയിൽ നിന്ന് പിന്നോട്ട് പോകാൻ പ്രേരിപ്പിക്കില്ല. ലെബനന്റെ പരമാധികാരവും വിഭവങ്ങളും ഭൂപ്രദേശങ്ങളും സംരക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി തുടർന്നും നിലകൊള്ളുമെന്നും സംഘടന വ്യക്തമാക്കി. ഹിസ്ബുള്ള പൂർണ്ണമായും ഇറാന്‍റെ ക്വദ്സ് ഫോഴ്സിന്റെ കമാൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ചയാണ് യുഎസ് പുതിയ ഉപരോധങ്ങളും പരിഷ്കരിച്ച വർഗീകരണവും പ്രഖ്യാപിച്ചത്.