

ട്രംപിന്‍റെ ആക്രമണ നീക്കം കനത്ത തിരിച്ചടിയാകുന്നത് ഗൾഫ് രാജ്യങ്ങൾക്കോ?
വാഷിങ്ടൺ/റിയാദ്: ഇറാനെതിരേ യുഎസ് വീണ്ടും ശക്തമായ സൈനിക ആക്രമണങ്ങൾക്ക് തുനിഞ്ഞിരുന്നെങ്കിൽ അത് വൻതോതിലുള്ള ഇറാനിയൻ തിരിച്ചടികൾക്ക് കാരണമാകുകയും ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് കനത്ത പ്രഹരമായി മാറുകയും ചെയ്യുമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ.
സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ആക്രമണ പദ്ധതികൾ താൽക്കാലികമായി റദ്ദാക്കിയത് ഗൾഫ് രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇറാനെതിരേ വ്യോമാക്രമണം നടത്തുന്നതിലുള്ള ആശങ്ക സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീർ ഫോൺ സംഭാഷണത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറിയിച്ചിരുന്നു.
ത്രിത പാർസി
ഇതിനു പിന്നാലെയാണ് അടിയന്തര ആക്രമണ നീക്കത്തിൽ നിന്നു ട്രംപ് പിന്മാറിയത്. ഇറാനെ നേരിടുന്നതിൽ കൃത്യമായ ഒരു സൈനിക തന്ത്രം അമെരിക്കയുടെ പക്കലില്ലെന്ന് സൗദി അറേബ്യ ഭയപ്പെടുന്നതായി ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ റെസ്പോൺസിബിൾ സ്റ്റേറ്റ് ക്രാഫ്റ്റിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ത്രിത പാർസി ചൂണ്ടിക്കാട്ടി.
മേഖലയിൽ സംഘർഷം കടുക്കുന്നത് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കാവും ഏറ്റവും വലിയ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുന്നതെന്നും തങ്ങൾ നേരിടുന്ന ദുരിതങ്ങൾ വർധിക്കുമെന്നല്ലാതെ സൈനിക നടപടികൾ കൊണ്ട് നിലവിലെ യുദ്ധ സാഹചര്യത്തിനോ യാഥാർഥ്യങ്ങൾക്കോ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവാണ് ആക്രമണ നീക്കത്തെ എതിർക്കാൻ സൗദിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.