ദുബായ് റണ്ണിൽ ആവേശകരമായ ജനപങ്കാളിത്തം; മുന്നിൽ നിന്ന് നയിച്ച് ദുബായ് കിരീടാവകാശി

ആരോഗ്യകരമായ ഒരു ഭാവി എന്ന ലക്ഷ്യം മുൻനിർത്തി ശൈഖ് സായിദ് റോഡിൽ നടന്ന സാമൂഹിക ഓട്ടത്തിൽ 2,78,000 പേർ പങ്കെടുത്തു
Record breaking Dubai run
ദുബായ് റണ്ണിൽ ആവേശകരമായ ജനപങ്കാളിത്തം; മുന്നിൽ നിന്ന് നയിച്ച് ദുബായ് കിരീടാവകാശി
Updated on

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിൽ നടത്തിയ ആറാമത് ദുബായ് റണ്ണിൽ വൻ ജനപങ്കാളിത്തം. ആരോഗ്യകരമായ ഒരു ഭാവി എന്ന ലക്ഷ്യം മുൻനിർത്തി ശൈഖ് സായിദ് റോഡിൽ നടന്ന സാമൂഹിക ഓട്ടത്തിൽ 2,78,000 പേർ പങ്കെടുത്തു. 14 വരി മോട്ടോർവേയിൽ പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് വാഹന ഗതാഗതം താൽക്കാലികമായി തടഞ്ഞ് ഓട്ടത്തിന് സമയമനുവദിച്ചിരുന്നത്.

ശൈഖ് സായിദ് റോഡിന് മുകളിൽ പാരാ ഗ്ലൈഡറുകൾ കുതിച്ചുയർന്നത് ഓട്ടക്കാരുടെ ആവേശം ഇരട്ടിയാക്കി. 5 കി.മീ, 10 കി.മീ എന്നിങ്ങനെ രണ്ട് റൂട്ടുകൾ തെരഞ്ഞെടുക്കാൻ സൗകര്യം നൽകിയിരുന്നു. 5 കിലോമീറ്റർ ഓട്ടം മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച് ബുർജ് ഖലീഫയും ദുബൈ ഓപ്പറയും കടന്ന് ദുബായ് മാളിനടുത്ത് സമാപിച്ചു. 10 കിലോമീറ്റർ ഓട്ടം മ്യൂസിയത്തിന് സമീപം നിന്നാരംഭിച്ച് ദുബായ് കനാൽ പാലം കടന്ന് ശൈഖ് സായിദ് റോഡിലൂടെ ഡിഐഎഫ്സി ഗേറ്റിന് സമീപം അവസാനിച്ചു.

ലോകത്തെ ഏറ്റവും വലിയ ഫൺ റണ്ണുകളിലൊന്നായ ദുബായ് റണ്ണിൽ സ്ഥിരമായി പങ്കെടുക്കുന്ന ശൈഖ് ഹംദാൻ, ആരോഗ്യകരമായ ഭാവിക്കായി 2,78,000 പേർ പങ്കെടുത്തതിൽ നന്ദി അറിയിച്ചു.

"ദുബായ് റൺ സമൂഹത്തിന്‍റെ ശക്തിയുടെയും, ആരോഗ്യകരവും കൂടുതൽ സജീവവുമായ ജീവിതം നയിക്കാനുള്ള നഗരത്തിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്‍റെയും തെളിവാണ്'' -ശൈഖ് ഹംദാൻ അഭിപ്രായപ്പെട്ടു. ഈ ചലഞ്ചിൽ പങ്കെടുക്കുകയും അതിന്‍റെശ്രദ്ധേയ വിജയത്തിന് സംഭാവന നൽകുകയും ചെയ്ത എല്ലാവരോടും തങ്ങൾ നന്ദി പറയുന്നുവെന്നും, നാം ഒരുമിച്ച് ആരോഗ്യകരവും സന്തോഷകരവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയും, ഭാവി തലമുറകൾക്ക് ഒരു മാതൃക സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം 226,000 പേരായിരുന്നു പങ്കെടുത്തത്. ഇത്തവണ 23 ശതമാനം വർധനയാണ് ഉണ്ടായത്. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ(30x30 ചലഞ്ച്) ഭാഗമായി 2017ലാണ് ദുബായ് റൺ ആരംഭിച്ചത്. 30 ദിവസം തുടർച്ചയായി 30 മിനിറ്റ് വ്യായാമം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ കാംപയിൻ വഴി ലക്ഷ്യമിട്ടത്. ഇതിനെ പിന്തുണക്കുന്നതിന് പല വേദികളും സൗജന്യമായോ, അല്ലെങ്കിൽ സബ്‌സിഡിയോടെയോ ക്ലാസുകളും സ്‌പോർട്‌സ് സെഷനുകളും ഒരുക്കി.

logo
Metro Vaartha
www.metrovaartha.com