
അബുദാബി: 2024ൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ലോക പ്രസിദ്ധമായ ല്യൂവ്റ് മ്യൂസിയത്തിന്‍റെ അബുദാബി സമുച്ചയം. കഴിഞ്ഞ വർഷം 1.4 ദശലക്ഷത്തിലധികം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ല്യൂവ്റ് അബുദാബി മ്യൂസിയം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന സന്ദർശക സാന്നിധ്യമാണിത്. മൊത്തം സന്ദർശകരുടെ എണ്ണം 6 ദശലക്ഷത്തിലധികമായി ഉയർന്നു.
ലോകോത്തര പ്രദർശനങ്ങൾ, ആകർഷക വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയിലൂടെ സാംസ്കാരിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള മ്യൂസിയത്തിന്‍റെ സമർപ്പണത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അബുദാബി സർക്കാരിന്‍റെ മീഡിയ ഓഫീസ് അറിയിച്ചു.
മൊത്തം സന്ദർശക സാന്നിധ്യത്തിന്‍റെ 84% അന്താരാഷ്ട്ര സന്ദർശകരാണ്. ചൈനയും റഷ്യയും 12% വീതം സന്ദർശക പങ്കാളിത്തം നേടി മുന്നിലാണ്. ഇന്ത്യയും (7%), ഫ്രാൻസും യു.കെയും (6%) എന്നിവയാണ് തൊട്ടടുത്ത സ്‌ഥാനങ്ങളിൽ.
ല്യൂവ്റ് അബുദാബിയുടെ റെക്കോർഡ് വാർഷിക സന്ദർശക സാന്നിധ്യം എമിറേറ്റിന്‍റെ സാംസ്കാരിക പരിവർത്തനത്തിന് മ്യൂസിയം നൽകുന്ന സംഭാവനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് അണ്ടർ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹുസനി പറഞ്ഞു.