

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: 2026ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ മാത്രം 3,323 ഇന്ത്യന്‍ പൗരന്മാരെ ക്യാനഡ നാടുകടത്തി. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,779 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയിരുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ക്യാനഡയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തുന്ന വര്‍ഷമായി 2026 മാറിയേക്കാമെന്നാണ് റിപ്പോര്‍ട്ട്.
2021ല്‍ 603 പേരെയും, 2022-ല്‍ 786 പേരെയും, 2023-ല്‍ 1,132 പേരെയും, 2024-ല്‍ 2,004 പേരെയും ക്യാനഡ നാടുകടത്തി. ഈ വര്‍ഷം ക്യാനഡയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകളെ നാടുകടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ആദ്യ ആറ് മാസത്തിനുള്ളില്‍ 3,323 ഇന്ത്യക്കാരെ തിരിച്ചയച്ചപ്പോള്‍, ഇതേ കാലയളവില്‍ 1,573 മെക്‌സിക്കന്‍ പൗരന്മാരെയാണ് നാടുകടത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതു പോലെയുള്ള ആകര്‍ഷണം ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാനഡയോട് തോന്നുന്നില്ല.
ക്യാനഡയുടെ ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 2023-ല്‍ ക്യാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 51.6 ശതമാനമായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഹിതം. എന്നാല്‍ 2025 സെപ്റ്റംബറില്‍ ക്യാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ വെറും 8.1 ശതമാനമാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.
കടുപ്പമേറിയ കുടിയേറ്റ നയങ്ങള്‍, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, 2023-ല്‍ ഇന്ത്യ-ക്യാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയ നയതന്ത്ര പ്രതിസന്ധി എന്നിവയുടെ സംയോജിത ഫലമായാണ് ഈ മാറ്റം സംഭവിച്ചത്.