ഷെയ്ഖ് ഹസീന തിരിച്ചെത്തുമെന്ന റിപ്പോർട്ട്; ധാക്കയിൽ അക്രമ പരമ്പര

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാനമായ ധാക്കയുടെ വിവിധ ഭാഗങ്ങളില്‍ അമ്പതിലേറെ നാടന്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായും, കുറഞ്ഞത് എട്ട് ബസുകള്‍ക്ക് തീവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
sheikh hasina
ഷെയ്ഖ് ഹസീന

file image

Updated on: 

ധാക്ക: ഡിസംബറില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ധാക്കയില്‍ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. നിലവിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ബംഗ്ലാദേശില്‍ പുതിയ അക്രമപരമ്പര അരങ്ങേറുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാനമായ ധാക്കയുടെ വിവിധ ഭാഗങ്ങളില്‍ അമ്പതിലേറെ നാടന്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായും, കുറഞ്ഞത് എട്ട് ബസുകള്‍ക്ക് തീവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹസീനയുടെ തിരിച്ചുവരവ് ക്രമസമാധാന നില വഷളാകാന്‍ കാരണമാകുമെന്ന ആശങ്കയും ഇതോടെ ഉയര്‍ത്തിയിട്ടുണ്ട്.

2024 ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയാണ് ഷെയ്ഖ് ഹസീന. കഴിഞ്ഞ ദിവസം ഡൽഹിയിലുള്ള ബംഗ്ലാദേശ് എംബസിയോട് പുതിയ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹസീന അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണു ഡിസംബറിൽ ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന വാർത്ത പ്രചരിച്ചത്.

പൊലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുഗതാഗത കേന്ദ്രങ്ങള്‍, സര്‍വകലാശാലാ ക്യാംപസുകള്‍ എന്നിവയ്ക്ക് സമീപമാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സംഭവങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷാ ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്.

പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നതിനായി ഒരു പ്രത്യേക സംഘം ആസൂത്രിതമായി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്‌ഫോടനങ്ങളെയും തീവയ്പ്പ് ആക്രമണങ്ങളെയും കുറിച്ചുള്ള അന്വേഷണം ബംഗ്ലാദേശ് പൊലീസ് ശക്തമാക്കി.

പൊലീസ് ഈ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഓരോ ആക്രമണത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും ഞായറാഴ്ച ധാക്ക ഡെപ്യൂട്ടി കമ്മിഷണര്‍ എം.ഡി. അക്തര്‍ ഹുസൈന്‍ പറഞ്ഞു.

നിരോധിക്കപ്പെട്ട സംഘടനകളിലെയും അവയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, മൊബൈല്‍ പട്രോളിങ്, തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ നിരീക്ഷണം എന്നിവയും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

സ്‌ഫോടനങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനും, നാടന്‍ ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.