

സെലൻസ്കിക്കെതിരേ കടുത്ത വിമർശനവുമായി ട്രംപ്
വാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി തയാറാകുന്നില്ലെന്നും അതിനാൽ രാജ്യത്തിനു പുതിയൊരു നേതൃത്വത്തെയാണ് ആവശ്യമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്ന് ടെൻസസിയിലേയ്ക്കുള്ള യാത്രയ്ക്കു പുറപ്പെടവേ മാധ്യമ പ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്.
സമാധാന കരാറിൽ എത്തിച്ചേരാൻ കഴിയുന്ന പുതിയൊരു നേതാവിനെ യുക്രെയ്ൻ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കു നേരെ യുക്രെയ്ൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അമെരിക്കയിലെ ഇന്ധന വില വർധനവിനും കർഷകർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി ഊർജ വില പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് യുക്രെയ്ന്‍റെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങളെന്നും ട്രംപ് ആരോപിച്ചു.
താൻ 2022ൽ യുഎസ് പ്രസിഡന്‍റായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും ആരംഭിക്കില്ലായിരുന്നു എന്നും നിലവിലെ സാഹചര്യം തികഞ്ഞ കഴിവുകേടാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ യുക്രെയ്ന് വലിയ രീതിയിൽ ഭൂപ്രദേശങ്ങൾ നഷ്ടപ്പെടുകയും ലക്ഷങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുക്രൈയ്ന് പുതിയൊരു പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ട്രംപ് ആവർത്തിച്ചു .