

യുക്രൈനിൽ റഷ‍്യയുടെ ഡ്രോൺ ആക്രമണം; ജനവാസ കേന്ദ്രങ്ങൾ തകർന്നു, 2 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ ഡ്രോൺ ആക്രമണം നടത്തി റഷ‍്യ. തലസ്ഥാന കീവിൽ വ‍്യാഴാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും ജനവാസ കേന്ദ്രങ്ങൾ തകർന്ന് വലിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു.
ആരോഗ‍്യ പ്രവർത്തകർ ഉൾപ്പടെ 16ലധികം പേർക്ക് ആക്രമണത്തെത്തുടർന്ന് പരുക്കേറ്റിട്ടുണ്ട്. നഗരമധ‍്യത്തിലുള്ള പാർപ്പിട സമുച്ചയങ്ങൾക്കും ഹോട്ടലുകൾക്കും തീപിടിച്ചു.
ഹോട്ടലിന്‍റെ മുകൾഭാഗവും മേൽക്കൂരയ്ക്കും തീപിടിക്കുന്ന ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
റഷ‍്യ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ‍്യാന്വേഷണ വിവരം ലഭിച്ചതായി യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്കി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.