

റഷ്യൻ സൈനികർ സഹപ്രവർത്തകരെ കൊന്നു തിന്നുന്നു; യുക്രെയ്ൻ ഇന്‍റലിജൻസ്
റഷ്യൻ സൈനികർ വിശപ്പു സഹിക്കാനാകാതെ സഹസൈനികരെ കൊന്നു തിന്നുന്നതായി യുക്രെയ്ൻ ഇന്‍റലിജൻസ് റിപ്പോർട്ട്. ശൈത്യകാലം കടുത്തതോടെ ഭക്ഷണ ക്ഷാമം രൂക്ഷമായെന്നും അതിനു ശേഷം സഹസൈനികരെ കൊന്നു തിന്ന അഞ്ച് കേസുകൾ യുക്രെയ്ൻ സൈന്യത്തിനുള്ളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. 2025 നവംബറിലാണ് ഇത്തരത്തിലൊരു കേസ് ആദ്യം പുറത്തു വന്നത്. രണ്ടു സഹപ്രവർത്തകരെ കൊന്ന സൈനികൻ അവരിലൊരാളുടെ കാല് ഭക്ഷിക്കാൻ ശ്രമിക്കുമ്പോൾ പിടിയിലായതായാണ് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് അജ്ഞാതനായ ഓഫിസർ മുതിർന്ന ഉദ്യോഗസ്ഥന് അയച്ച വോയ്സ് നോട്ട് പുറത്തു വന്നതായാണ് യുക്രെയ്ൻ വാദിക്കുന്നത്.
കാല് മുറിക്കുന്നതിനായി ഒരു മീറ്റ് ഗ്രൈൻഡർ അവരുടെ കൈവശമുണ്ടെന്നും, അതെവിടെ നിന്ന് കിട്ടിയെന്ന് യാതൊരു ധാരണയുമില്ലെന്നും വോയ്സ് നോട്ടിലുണ്ട്. അവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലേ എന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തിരിച്ചു ചോദിക്കുമ്പോൾ, എല്ലാവരും പട്ടിണിയിലാണെന്നും, എല്ലും തോലുമായ അവസ്ഥയിലാണെന്നും ഓഫിസർ മറുപടി നൽകുന്നു.
2025 ഒക്റ്റോബറിൽ യൂണിറ്റ് കമാൻഡർ തന്‍റെ കീഴുദ്യോഗസ്ഥനോട് മനുഷ്യരെ തിന്നുന്നത് നിർത്താൻ ആവശ്യപ്പെടുന്നതായും യുക്രെയ്ൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ലണ്ടനിലെ റഷ്യൻ എംബസി ഇക്കാര്യങ്ങളെല്ലാം തള്ളിയിട്ടുണ്ട്. യുക്രെയ്ൻ സൈനിക ഇന്‍റലിജൻസ് പുറത്തു വിടുന്ന വ്യാജവിവരങ്ങളാണ് ഇതെല്ലാമെന്ന് റഷ്യൻ എംബസി.
യുക്രെയ്നുമായുള്ള യുദ്ധം നീണ്ടു പോകുന്നതിനാൽ റഷ്യൻ സൈനികർ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നാണ് സൂചന. പലപ്പോഴും കാലാവധി കഴിഞ്ഞ ഭക്ഷണം നൽകുന്നതായും ആരോപണം നിലനിൽക്കുന്നു.