
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനും പ്രതിപക്ഷ പാർട്ടി നേതാവുമായ അലക്സി നവാൽനി മരിച്ചതായി റഷ്യൻ ജയിൽ അധികൃതർ സ്ഥിരീകരിച്ചു. 47 വയസായിരുന്നു. വെള്ളിയാഴ്ച ജയിലിലൂടെ നടക്കുന്നതിനിടെ നവാൽനി കുഴഞ്ഞു വീണുവെന്നും ജയിലിലെ ഡോക്റ്റർമാർ പരിശോധിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചെന്നുമാണ് ജയിൽ അധികൃതർ പുറത്തു വിട്ടിരിക്കുന്ന വിവരം. മരണകാരണം വ്യക്തമല്ല. നവാൽനിയുടെ മരണത്തെക്കുറിച്ച് പുടിനെ അറിയിച്ചിട്ടുണ്ടെന്നും ക്രെംലിൻ വക്താവ്. എന്നാൽ, നവാൽനിയുടെ മരണത്തെ സംബന്ധിച്ച് യാതൊരു വിവരവും തങ്ങൾക്ക് ഇതേവരെ ലഭ്യമായിട്ടില്ലെന്ന് നവാൽനിയുടെ വക്താവ് കിര യർമ്യാഷ് എക്സിലൂടെ വെളിപ്പെടുത്തി. നവാൽനിയുടെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം ഉയരുന്നുണ്ട്.
ഭീകരവാദം അടക്കമുള്ള കടുത്ത കുറ്റങ്ങൾ ചുമത്തിയാണ് നവാൽനിയെ ജയിലിൽ അടച്ചിരുന്നത്. വഞ്ചനാക്കുറ്റം, കോടതി അലക്ഷ്യം എന്നിവയുടെ പേരിൽ ഒമ്പത് വർഷത്തെ തടവിനാണ് ആദ്യം ശിക്ഷിച്ചത്. പരോൾ നിയമം ലംഘിച്ചതിന്‍റെ പേരിൽ രണ്ടര വർഷത്തെ തടവും നൽകിയിരുന്നു. പിന്നീട് കടുത്ത കുറ്റങ്ങൾ ചുമത്തി തടവ് 19 വർഷമായി വർധിപ്പിക്കുകയായിരുന്നു. റഷ്യയുടെ ചരിത്രത്തിൽ തന്നെ ഒരു രാഷ്ട്രീയ നേതാവിന് ലഭിച്ച ഏറ്റവും ദൈർഘ്യമേറിയയ തടവുശിക്ഷകളിലൊന്നായിരുന്നു ഇത്. തനിക്കെതിരേയുള്ള കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് നവാൽനി ആരോപിച്ചിരുന്നു.
2021 ജനുവരി മുതൽ നവാൽനി ജയിലിലായിരുന്നു. ബ്യൂട്ടിനിൽ ജനിച്ച നവാൽനി 1998ൽ നിയമ ബിരുദം സ്വന്തമാക്കി.
പിന്നീട് 2010ൽ യേലിൽ നിന്ന് ഫെലോഷിപ്പും നേടിയിരുന്നു.
2011 -12 കാലഘട്ടത്തിൽ റഷ്യൻ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും മറ്റു വാണിജ്യവിവരങ്ങളും പൊതു ജനങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിക്കൊണ്ടാണ് നവാൽനി പൊതുജനശ്രദ്ധയാർജിച്ചത്. ആദ്യം ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരേ ശബ്ദിച്ചിരുന്നത്. പിന്നീട് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചതോടെ നവാൽനിക്ക് വൻ ജന പിന്തുണ ലഭിച്ചു. അതിനൊപ്പം നവാൽനി പുടിന്‍റെ എതിരാളികളുടെ കൂട്ടത്തിൽ പ്രബലനെന്നും വാഴ്ത്തപ്പെട്ടു. അതോടെ നവാൽനിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 2020ൽ സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ ബോധരഹിതനായി വീണ നവാൽനിക്ക് വിഷപ്രയോഗം ഏറ്റതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഏറെ നാൾ നവാൽനി കോമയിലായിരുന്നു. പിന്നീട് ജർമനിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയതോടെ ആരോഗ്യവാനായി തിരിച്ചെത്തി. നാട്ടിൽ തിരിച്ചെത്തിയ ഉടൻ തന്നെ നവാൽനി അറസ്റ്റിലായി.
അതീവസുരക്ഷാ ജയിലിൽ അടച്ചിരുന്ന നവാൽനിയെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് കിര യർമിഷ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് റഷ്യൻ പ്രിസൺസ് സർവീസസ് നവാൽനിയുടെ ഒരു വീഡിയോ പുറത്തു വിടുകയും ചെയ്തു.