യുഎസ്-ഇറാൻ സമാധാനകരാർ യുഎസ് കോൺഗ്രസിന്‍റെ പരിശോധനയ്ക്ക് അയയ്ക്കും:ട്രംപ്

2015ലെ ഇറാൻ ന്യൂക്ലിയർ എഗ്രിമെന്‍റ് റിവ്യൂ ആക്റ്റ് പ്രകാരമാണ് ഈ നടപടിക്രമം
 US-Iran peace deal to be sent to US Congress for review: Trump

യുഎസ്-ഇറാൻ സമാധാനകരാർ യുഎസ് കോൺഗ്രസിന്‍റെ പരിശോധനയ്ക്ക് അയയ്ക്കും:ട്രംപ്

Updated on

പാരീസ്: ഇറാനുമായി ഒപ്പു വയ്ക്കാനിരിക്കുന്ന ചരിത്രപരമായ സമാധാന കരാറിന്‍റെ പൂർണരൂപം യുഎസ് കോൺഗ്രസിന്‍റെ പരിശോധനയ്ക്കായി സമർപ്പിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ ഇക്കാര്യം തന്‍റെ ചിന്തയിൽ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അത് നല്ലൊരു ആശയമായി തോന്നുന്നെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് നിയമപ്രകാരം ഇറാനുമായുള്ള ഏത് ആണവക്കരാറും കോൺഗ്രസിന്‍റെ പരിശോധനയ്ക്കും വോട്ടിങ്ങിനും വിധേയമാക്കേണ്ടതുണ്ടെന്ന് ട്രംപിന്‍റെ അടുത്ത അനുയായിയും സെനറ്ററുമായ ലിൻഡ്സെ ഗ്രഹാം ഞായറാഴ്ച ഓർമിപ്പിച്ചിരുന്നു. 2015ലെ ഇറാൻ ന്യൂക്ലിയർ എഗ്രിമെന്‍റ് റിവ്യൂ ആക്റ്റ് പ്രകാരമാണ് ഈ നടപടിക്രമം വരുന്നത്.

വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ ഈ അന്തിമ കരാർ കോൺഗ്രസിനു മുന്നിൽ അവതരിപ്പിക്കുന്ന പ്രക്രിയയിൽ വാൻസും അദ്ദേഹത്തിന്‍റെ ചർച്ചാ പങ്കാളികളും ഭാഗമാകുമെന്ന് താൻ കരുതുന്നതായും ഗ്രഹാം കൂട്ടിച്ചേർത്തു. അതേസമയം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനൊപ്പം ഇരുന്നു കൊണ്ട് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കെതിരേ ട്രംപ് പരിഹാസം ഉന്നയിച്ചു.

“എനിക്ക് ഈ കരാറിന് കോൺഗ്രസിന്റെ അംഗീകാരം വേണ്ട എന്ന് പറഞ്ഞുകൊണ്ട് ഇത് അയക്കുകയാണെങ്കിൽ, ഡെമോക്രാറ്റുകൾ ഇതിന് വേഗത്തിൽ അംഗീകാരം നൽകും. കാരണം ഞാൻ എന്ത് പറയുന്നോ, അതിന് നേരെ വിപരീതമായി പ്രവർത്തിക്കാനാണ് അവർക്ക് താല്പര്യം,” ട്രംപ് തമാശരൂപേണ പറഞ്ഞു. ഈ വരുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷമായിരിക്കും ഇത് കോൺഗ്രസിന്‍റെ പരിഗണനയ്ക്ക് വിടുക.

logo
Metro Vaartha
www.metrovaartha.com