
ദുബായ്: ദുബായിൽ തിരക്കേറിയ സമയങ്ങളിൽ സാലിക് നിരക്കിൽ വരുത്തിയ രണ്ട് ദിർഹം വർധന ജനുവരി 31 ന് പ്രാബല്യത്തിൽ വരുമെന്ന് സാലിക് കമ്പനി അധികൃതർ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ, രാവിലെ തിരക്കേറിയ സമയത്തും (രാവിലെ 6 മുതൽ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4 മുതൽ രാത്രി 8 വരെ) ടോൾ 6 ദിർഹം ആയിരിക്കും. തിരക്കില്ലാത്ത സമയങ്ങളിൽ, രാവിലെ 10 മുതൽ വൈകിട്ട് 4 വരെ, രാത്രി 8 മുതൽ പുലർച്ചെ 1 വരെ, ടോൾ 4 ദിർഹം ആയിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ടോൾ 4 ദിർഹം ആയിരിക്കും. എല്ലാ ദിവസങ്ങളിലും പുലർച്ചെ 1 മുതൽ 6 വരെ സൗജന്യമായിരിക്കും.
റമദാനിലെ സാലിക്ക് നിരക്കുകൾ
റമദാനിൽ പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 6 ദിർഹമാണ് സാലിക് നിരക്ക്. റമദാനിലെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7 മുതൽ 9 മണി വരെയും വൈകുന്നേരം 5 മുതൽ അടുത്ത ദിവസം പുലർച്ചെ 2 വരെയും 4 ദിർഹമാണ് ഈടാക്കുക.
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ടോൾ 4 ദിർഹം ആയിരിക്കും. റമദാനിലെ എല്ലാ ദിവസങ്ങളിലും പുലർച്ചെ 2 മുതൽ 7 വരെ സൗജന്യമായിരിക്കും.
അൽ സഫ നോർത്ത്, അൽ സഫ സൗത്ത് ടോൾ ഗേറ്റുകളിലൂടെയും അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത് ടോൾ ഗേറ്റുകളിലൂടെയും ഒരേ ദിശയിൽ ഒരു മണിക്കൂറിനുള്ളിൽ കടക്കുമ്പോൾ നിരക്കുകൾ ഈടാക്കുന്ന രീതിയിൽ മാറ്റമില്ലെന്ന് സാലിക് അറിയിച്ചു..
നിലവിൽ, 10 ടോൾ ഗേറ്റുകളിൽ വാഹനം കടന്നുപോകുമ്പോൾ സാലിക്ക് 4 ദിർഹം എന്ന നിരക്കിലാണ് ഈടാക്കുന്നത്.
പാർക്കിംഗ് ഫീസിൽ മാറ്റം
2025 മാർച്ച് അവസാനത്തോടെ പാർക്കിങ്ങ് ഫീസിലും മാറ്റമുണ്ടാകും.പ്രീമിയം പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും മറ്റ് പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 4 ദിർഹവുമാണ് മാർച്ച് അവസാനം മുതൽ ഈടാക്കുക.
തിരക്കില്ലാത്ത സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും താരിഫുകൾ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെ പാർക്കിംഗ് സൗജന്യമായിരിക്കും, ഞായറാഴ്ചകളിൽ ദിവസം മുഴുവൻ പാർക്കിങ്ങ് സൗജന്യമായിരിക്കും.
ഇവന്‍റ് സോണുകൾക്ക് സമീപമുള്ള പണമടച്ചുള്ള പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 25 ദിർഹം ഫീസ് ഏർപ്പെടുത്താനും തീരുമാനമായി. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിന് സമീപമുള്ള പാർക്കിങ്ങ് ഇടങ്ങളിൽ 2025 ഫെബ്രുവരിയിൽ ആരംഭിക്കുന്ന പ്രധാന ഇവന്‍റുകളിൽ ഈ നയം നടപ്പാക്കുമെന്ന് .
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിവ്യക്തമാക്കിയിട്ടുണ്ട്.