
വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് 30 ദിവസം ഇളവ് നൽകി സൗദി അറേബ്യ
റിയാദ്: വിദേശികളായ സന്ദർശകർക്ക് അനുകൂലമായ നടപടിയുമായി സൗദി അറേബ്യ. സന്ദർശ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് 30 ദിവസത്തെ ഇളവാണ് സൗദി അനുവഗദിച്ചിരിക്കുന്നത്. ഇളവു നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ രാജ്യം വിട്ടാൽ പിഴ അടക്കമുള്ള മറ്റു നിയമനടപടികളിൽ നിന്ന് രക്ഷ നേടാം. ഡയറക്റ്ററേറ്റ് ഒഫ് പാസ്പോർട്സ് ജനറൽ ആണ് എക്സിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ജൂലൈ 26 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുക. യാത്രകളുടെ സീസണായതിനാൽ വിദേശത്തു നിന്നെത്തുന്നവരുടെ യാത്രാ പരിപാടികൾ കൂടുതൽ സുഗമമാക്കാൻ ഈ നടപടിയിലൂടെ സാധിക്കും. 2025 ജൂൺ 26നോ അതിനു മുൻപോ വിസ കാലാവധി അവസാനിച്ചിട്ടും സൗദിയിൽ തുടരുന്നവർക്കാണ് ഈ നടപടി ഗുണം ചെയ്യുക. ഫാമിലി, ടൂറിസ്റ്റ്, ബിസിനസ്, സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസയിലെത്തിയവർക്കെല്ലാം ഇളവുണ്ട്.
ഇളവിനു ശേഷവും രാജ്യത്ത് തുടരുന്നവർ പിഴ, നാടുകടത്തൽ, ദീർഘ കാല വിലക്ക്, തടവ് തുടങ്ങിയ ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വരും.