
അൽവാലീദ് ബിൻ ഖാലിദ് രാജകുമാരൻ
ന്യൂഡൽഹി: സൗദി അറേബ്യയിലെ സ്ലീപ്പിങ് പ്രിൻസ് എന്നറിയപ്പെട്ടിരുന്ന അൽവാലീദ് ബിൻ ഖാലിദ് രാജകുമാരൻ അന്തരിച്ചു. കാർ അപകടത്തെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ രാജകുമാരൻ കഴിഞ്ഞ 20 വർഷമായി കോമയിൽ തുടരുകയായിരുന്നു. ശനിയാഴ്ചയാണ് രാജകുമാരന്‍റെ മരണം സ്ഥിരീകരിച്ചത്. 36 വയസ്സായിരുന്നു. ബ്രിട്ടണിലെ മിലിട്ടറി കോളെജിൽ പഠിക്കുന്നതിനിടെ പതിനഞ്ച് വയസ്സിലാണ് അൽവലീദിന് അപകടം സംഭവിച്ചത്.
തലച്ചോറിൽ ഗുരുതരമായ പരുക്കും ആന്തരിക രക്തസ്രാവവുമാണ് കോമയിലേക്ക് നയിച്ചത്. പിന്നീട് റിയാദിൽ കിങ് അബ്ദുൽഅസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയെങ്കിലും 20 വർഷവും ലൈഫ് സപ്പോർട്ട് ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ജീവൻ നില നിർത്തിയിരുന്നത്. ഇടയ്ക്ക് രാജകുമാരന്‍റെ വിരലുകൾ അനങ്ങിയത് പ്രതീക്ഷ നൽകിയെങ്കിലും വലിയ മാറ്റമൊന്നും സംഭവിച്ചില്ല.
അമെരിക്കൻ, സ്പാനിഷ് സ്പെഷ്യലിസ്റ്റുകൾ ചികിത്സിച്ചിട്ടും ഫലം കണ്ടിരുന്നില്ല. പ്രിൻസ് ഖാലിദ് ബിൻ തലാലിന്‍റെ മൂത്ത മകനാണ് അൽവാലീദ്. പ്രതീക്ഷകൾ എല്ലാം നശിച്ചെങ്കിലും മകനെ മരണത്തിന് വിട്ടു കൊടുക്കാൻ ഖാലിദ് ബിൻ തലാൽ തയാറായിരുന്നില്ല.