
ഷാർജയിലെ അൽ ഫായ പ്രദേശം യുനെസ്കോ ലോക പൈതൃക പട്ടികയിൽ
ഷാർജ: ഷാർജയിലെ അൽ ഫായ പ്രദേശത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.പാരിസിൽ നടന്ന യുനെസ്‌കോയുടെ 47-ാമത് വാർഷിക സെഷനിലാണ് പ്രഖ്യാപനം നടത്തിയത്. യുഎഇ യെ സംബന്ധിച്ച് ഇത് അപൂർവ ചരിത്ര നിമിഷമാണ്. ദിവസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് നിന്ന് 80,000 വർഷങ്ങൾക്ക് മുൻപ് മനുഷ്യ വാസമുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകൾ കണ്ടെത്തിയിരുന്നു.
ഈ സംരക്ഷിത പ്രദേശം തെക്കു-കിഴക്കൻ അറേബ്യയിലെ ചരിത്രാതീത കാലത്തെ ജീവിതത്തെക്കുറിച്ചുള്ള ധാരണയെ പുനർനിർവചിക്കുന്നതാണ്. പതിറ്റാണ്ടുകളുടെ ഗവേഷണത്തിലൂടെയാണ് ഫായയെ ആദ്യ കാല മനുഷ്യ വാസ കേന്ദ്രമായി തിരിച്ചറിഞ്ഞത്. ഇപ്പോൾ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ആദ്യ മരുഭൂ പാലിയോലിത്തിക് പ്രദേശമായും ഇത് മാറിയിരിക്കുന്നു.
സാംസ്കാരിക ഭൂപ്രകൃതിയുടെ വിഭാഗത്തിൽ, ഈ വർഷം കമ്മിറ്റി പരിഗണിച്ച ഏക അറബ് നാമനിർദേശം ഫായയായിരുന്നു. 2011ൽ ആലേഖനം ചെയ്ത അൽ ഐനിലെ ജബൽ ഹഫീത്തിന് സമീപമുള്ള സാംസ്കാരിക ഇടങ്ങൾക്ക് ശേഷം പട്ടികയിൽ ഉൾപ്പെടുന്ന യുഎഇയിലെ രണ്ടാമത്തെ സ്ഥലമാണിത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഷാർജ പുരാവസ്തു അതോറിറ്റി (എസ്.എ.എ), ട്യൂബിംഗൻ സർവകലാശാല, ഓക്സ്ഫഡ് ബ്രൂക്ക്സ് സർവകലാശാല തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പുരാവസ്തു ഖനനങ്ങൾ നടത്തി വരികയാണ്. മനുഷ്യ വാസം സൂചിപ്പിക്കുന്ന 18 വ്യത്യസ്ത പുരാവസ്തു പാളികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
ഫായയുടെ നാമനിർദേശം അംഗീകരിച്ചതിന് ഔദ്യോഗിക അംബാസഡർ ഷെയ്ഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി യുനെസ്കോ കമ്മിറ്റിയോട് നന്ദി പറഞ്ഞു.