

ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ തങ്ങളുമായി ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ പ്രവേശനം അനുവദിച്ച് ഇറാൻ. ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് സുരക്ഷിതമായി കടലിടുക്ക് വഴി പോകാമെന്ന് ഇറാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചതായാണ് വിവരം.
യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് അടച്ചിട്ടതോടെ ആഗോളതലത്തിൽ വൻതോതിൽ ഊർജപ്രതിസന്ധിക്കാണ് കാരണമായത്. ശത്രുവല്ലാത്ത കപ്പലുകൾക്ക് കടന്നുപോകാൻ ആവശ്യമായ സുരക്ഷിത പാത ഒരുക്കാൻ ഇറാനിയൻ അധികൃതർ സഹായിക്കുമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചതായാണ് വിവരം.
സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന ട്രംപിന്‍റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് ഇറാന്‍റെ നീക്കം. വെടിനിർത്തൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന ട്രംപിന്‍റെ വാദം ഇറാൻ തള്ളിയിരുന്നു.