വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 4 പേർക്ക് പരുക്ക്, അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു

വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം 1.6 കിലോമീറ്റർ അകലെയാണ് വെടിവയ്പ്പ് നടന്ന പ്രദേശം
Shooting near the White House

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്

Updated on: 

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. വെടിവയ്പ്പ് നടത്തിയയാൾ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ചു. വാഷിങ്ടണിലെ ലോഗൻ സർക്കിൾ മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം.

വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം 1.6 കിലോമീറ്റർ അകലെയാണ് വെടിവയ്പ്പ് നടന്ന പ്രദേശം. ഇവിടുത്തെ അപ്പാർട്ട്മെന്‍റിൽ വച്ചാണ് വെടിവയ്പ്പ് ഉണ്ടായത്. അപ്പാർട്ട്മെന്‍റിന്‍റെ ഹോം ഓണേഴ്സ് അസോസിയേഷനുമായി അക്രമിക്ക് തർക്കമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.

അപ്പാർട്ട്മെന്‍റിലെ ജിമ്മിനുള്ളിൽ വച്ച് ഒരാൾക്കുനേരെ വെടിയുതിർത്തശേഷം പുറത്തേക്കിറങ്ങി വീണ്ടും വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് ജിമ്മിൽ അമ്പതോളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷി ജെയിംസ് സ്പെൽമാൻ പറഞ്ഞു.

വെടിവയ്പ്പിനെ തുടർന്ന് പ്രദേശത്തെ റോഡുകൾ പൊലീസ് അടച്ചു. സമീപത്തെ സ്കൂളുകൾക്ക് അടിയന്തര ജാഗ്രതാ നടപടിയുടെ ഭാഗമായി അവധി നൽകി. സംഭവത്തിൽ അമെരിക്കൻ ഫെഡറൽ ഏജൻസിയായ എഫ്ബിഐയും ഇടപെട്ടിട്ടുണ്ട്.