2026 മുതല്‍ അമെരിക്കന്‍ കുടിയേറ്റ നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍; ഇന്ത്യക്കാരെ ബാധിക്കുന്ന നാലു പ്രധാന പരിഷ്‌കാരങ്ങള്‍ അറിയാം

അമെരിക്കയില്‍ പഠിക്കാനോ ജോലി ചെയ്യാനോ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ പുതിയ നിയമങ്ങള്‍ മുന്‍കൂട്ടി മനസിലാക്കണമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നിർദ്ദേശം
Significant changes to US immigration laws starting in 2026

2026 മുതല്‍ അമെരിക്കന്‍ കുടിയേറ്റ നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍

Updated on

അമെരിക്കയിലേക്ക് പഠനം, ജോലി, സ്ഥിരതാമസം എന്നിവ ലക്ഷ്യമിടുന്ന ഇന്ത്യക്കാരിൽ 2026 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ വലിയ സ്വാധീനം ചെലുത്തും. വിദ്യാര്‍ഥി വിസ മുതല്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ വരെയുള്ള വിവിധ മേഖലകളില്‍ നാലു പ്രധാന മാറ്റങ്ങളാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നടപ്പാക്കുന്നത്. പുതിയ നിയമങ്ങള്‍ അമെരിക്കയിലെ കുടിയേറ്റ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഏറ്റവും വലിയ മാറ്റം വിദേശ വിദ്യാര്‍ഥികളെയും എക്‌സ്‌ചേഞ്ച് വിസയിലുള്ളവരെയും ബാധിക്കുന്നതാണ്. ഇതുവരെ നിലവിലുണ്ടായിരുന്ന ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് സംവിധാനം അവസാനിപ്പിച്ച് നിശ്ചിത കാലാവധിയുള്ള പ്രവേശനരീതിയാണ് നടപ്പാക്കുന്നത്. ഇതോടെ എഫ് 1 വിദ്യാര്‍ഥി വിസ, ജെ 1 എക്‌സ്‌ചേഞ്ച് വിസ, വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസ എന്നിവയില്‍ അമെരിക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് അവരുടെ പഠനമോ പരിപാടിയോ പൂര്‍ത്തിയാക്കാൻ പരമാവധി നാലു വര്‍ഷം വരെ മാത്രമേ താമസം അനുവദിക്കൂ. അതിൽ കൂടുതൽ സമയം വേണമെങ്കിൽ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിൽനിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടിവരും. ഈ നിയമം 2026 സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

രണ്ടാമത്തെ പ്രധാന മാറ്റം ഗ്രീന്‍ കാര്‍ഡ് അപേക്ഷകരെയാണ് ബാധിക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക സ്വയംപര്യാപ്തത കൂടുതല്‍ കര്‍ശനമായി പരിശോധിക്കുന്ന 'പബ്ലിക് ചാര്‍ജ്' നയം വീണ്ടും നടപ്പാക്കും. അപേക്ഷകന്‍റെ പ്രായം, ആരോഗ്യം, വരുമാനം, വിദ്യാഭ്യാസം, കുടുംബ സാഹചര്യം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഭാവിയില്‍ സര്‍ക്കാര്‍ സഹായത്തെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകുമോ എന്ന് അധികൃതര്‍ പരിശോധിക്കും.

മൂന്നാമത്തെ മാറ്റം പ്രീമിയം പ്രോസസിങ് സേവനവുമായി ബന്ധപ്പെട്ടതാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചില അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കുന്നതിനുള്ള ഈ സേവനത്തിന്‍റെ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അപേക്ഷയുടെ നടപടിക്രമം വേഗത്തിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.

നാലാമത്തെ പ്രധാന മാറ്റം എച്ച്-1ബി വിസ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. എച്ച്-1ബി വിസയിൽ നിയമിക്കുന്ന വിദേശ തൊഴിലാളികൾക്ക് നൽകേണ്ട കുറഞ്ഞ വേതനം ഏകദേശം 30 ശതമാനം വരെ വർധിപ്പിക്കാനുള്ള നിർദേശമാണ് യുഎസ് ഭരണകൂടം മുന്നോട്ടുവച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കാര്യമായ മാറ്റമില്ലാതെ തുടരുന്ന വേതനനിരക്കുകൾ പുതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിർദേശം നിലവിൽ വന്നാൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തൊഴിലുടമകളുടെ ചെലവ് വർധിക്കാനും എച്ച്-1ബി വിസയിലൂടെ നിയമനങ്ങളെ അത് ബാധിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമെരിക്കയില്‍ പഠിക്കാനോ, ജോലി ചെയ്യാനോ, സ്ഥിരതാമസമാക്കാനോ ലക്ഷ്യമിടുന്ന ഇന്ത്യക്കാര്‍ പുതിയ നിയമങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അപേക്ഷാ നടപടികള്‍ ആസൂത്രണം ചെയ്യണമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നിർദ്ദേശം. പുതിയ വ്യവസ്ഥകള്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍വിസ അപേക്ഷകര്‍ക്കും ഗ്രീന്‍ കാര്‍ഡ് ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ ബാധകമാണ്.

logo
Metro Vaartha
www.metrovaartha.com