
ഷാർജ: മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്കൻ മേഖല(മെനാ)യിലെ ലോഹ നിർമാണ, ഉരുക്ക് വ്യവസായങ്ങൾക്കായുള്ള ഏറ്റവും വലിയ പ്രദർശനമായ 'സ്റ്റീൽ ഫാബ് 2025'ന്‍റെ 20-ാമത് പതിപ്പ് തിങ്കളാഴ്ച എക്സ്പോ സെന്‍ററിൽ ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 33 രാജ്യങ്ങളിൽ നിന്നുള്ള 600ലധികം ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന 350ലധികം പ്രദർശകർ ഒത്തുചേരും. സ്റ്റീൽ ഫാബ്രിക്കേഷനിലെ മുൻനിര വ്യവസായ പ്രമുഖർക്കും ലോഹ നിർമാണ സാങ്കേതിക വിദ്യയിലെ ആഗോള വിദഗ്ധർക്കും വേണ്ടിയുള്ള പ്രധാന വാണിജ്യ സംഗമമാണിത്.
ഈ മാസം 16 വരെ നീണ്ടുനിൽക്കുന്ന സ്റ്റീൽ ഫാബ് 2025 യു.കെ, ജർമനി, ഇറ്റലി, യു.എസ്, ചൈന, നെതർലാൻഡ്‌സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായത്തിലെ മുൻനിര ഉത്പാദകരെയും സംരംഭകരേയും ഒരേ വേദിയിൽ അവതരിപ്പിക്കും.
ഈ വർഷത്തെ പതിപ്പ് സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനികൾക്കും ഫാക്ടറികൾക്കും പ്രധാന കരാറുകളിൽ ഏർപ്പെടുന്നതിനും, വൈദഗ്ധ്യം കൈമാറാനും, ആഗോള വ്യവസായ പ്രമുഖരുമായി പങ്കാളിത്തം സ്ഥാപിക്കാനും വലിയ അവസരം നൽകുന്നു. ഏറ്റവും പുതിയ വ്യവസായ പ്രവണതകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ഇത് പങ്കെടുക്കുന്നവർക്ക് നൽകുന്നു. സ്റ്റീൽ ഫാബിന്‍റെ 20-ാം പതിപ്പിൽ ഇരുമ്പ്, ഉരുക്ക് മേഖലയിലെ നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ വിപുലമായ ശ്രേണി ഉണ്ടായിരിക്കും.
ലേസർ മെറ്റൽ കട്ടിംഗ് സിസ്റ്റങ്ങൾ, പൈപ് നിർമാണം, മെറ്റൽ പ്ലേറ്റ് നിർമാണം എന്നിവയുൾപ്പെടെ വിപുലമായ ലോഹ നിർമാണ യന്ത്രങ്ങളും വെൽഡിംഗ് ഉപകരണങ്ങളും പ്രദർശിപ്പിക്കും. കൂടാതെ, ഈ വ്യവസായത്തിലെ സാങ്കേതിക വൈദഗ്ധ്യവും മികവും പ്രദർശിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ബെസ്റ്റ് വെൽഡർ മത്സരം പോലുള്ള പ്രത്യേക പരിപാടികളും പ്രദർശനത്തിൽ ഉൾപ്പെടുന്നു.
സ്റ്റീൽ ഫാബ് 2025 ഇൽ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.