പാക്കിസ്ഥാനിൽ സമാധാന റാലിക്കിടെ ചാവേർ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും

സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിൽ റാലി നടക്കുന്നതിനിടെയാണ് പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ചാവേർ സ്ഫോടനം ഉണ്ടായത്
Suicide bombing during peace rally in Pakistan

പാക്കിസ്ഥാനിൽ സമാധാന റാലിക്കിടെ ചാവേർ സ്ഫോടനം

Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലയിൽ സമാധാന റാലിക്കിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു. 15ലധികം പേർക്ക് പരുക്കേറ്റു. സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിൽ റാലി നടക്കുന്നതിനിടെയാണ് പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ചാവേർ സ്ഫോടനം ഉണ്ടായത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഒൻപത് പേർ സംഭവസ്ഥലത്തും അഞ്ച് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് സാധാരണക്കാരും ഒരു കുട്ടിയുമുണ്ട്.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാത് അമൻ ജിർഗ എന്ന സംഘടനയാണ് റാലി സംഘടിപ്പിച്ചത്. ചാവേർ ആക്രമണകാരി പൊലീസ് സ്റ്റേഷന്‍റെ പ്രധാന കവാടത്തിലൂടെ അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞു. തുടർന്ന് തൊട്ടുപിന്നാലെ ഇയാൾ സ്ഫോടനം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി മുഹമ്മദ് സുഹൈൽ അഫ്രിദി അപലപിച്ചു.

logo
Metro Vaartha
www.metrovaartha.com