

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്
സൂറിച്ച്: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ ലേ കോൺസ്റ്റെല്ലേഷൻ എന്ന ബാറിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ കാരണമോ ഉറവിടമോ കണ്ടെത്തിയിട്ടില്ല. നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു.
സംഭവ സമയത്ത് ബാറിൽ നൂറിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ക്രാൻസ് മൊണ്ടാനയിൽ അവധി ആഘോഷിക്കാനായി എത്തിയ വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പൊലീസും അഗ്നിരക്ഷാ സേനയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ അപകടം ഉണ്ടായ പ്രദേശത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.