തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

മധ്യസ്ഥരായി ഖത്തർ നയതന്ത്ര സംഘം ടെഹ്റാനിൽ
Iran will pay a big price if the decision is extended: Trump

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

Updated on

വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് ഇറാന് കനത്ത താക്കീതുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ ഇനിയും നീട്ടിക്കൊണ്ടു പോയാൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഇതിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ അന്തിമമാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിന്‍റെ പ്രത്യേക നയതന്ത്ര പ്രതിനിധി സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തി. അമെരിക്കയുടെ അപാച്ചെ ഹെലികോപ്റ്റർ ഇറാൻ വീഴ്ത്തിയതിനു പിന്നാലെ മേഖലയിൽ രൂപപ്പെട്ട അതിരൂക്ഷമായ യുദ്ധ സാഹചര്യത്തിനു നേരിയ അയവു വരുത്താനാണ് ഖത്തറിന്‍റെ ഈ അടിയന്തര നീക്കം.

കഴിഞ്ഞ ദിവസങ്ങളിൽ അമെരിക്കയും ഇറാനും തമ്മിൽ അതിരൂക്ഷമായ സൈനിക ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. അപാച്ചെ ഹെലികോപ്റ്റർ തകർത്തതിനു തിരിച്ചടിയായി ഹോർമൂസ് തീരമേഖലയിലെ ഇറാന്‍റെ റഡാർ, ടെലി കമ്യൂണിക്കേഷൻ കേന്ദ്രങ്ങളിലും ബന്ദർ അബ്ബാസ്, മിനാബ്, ഖേഷം, സിരിക് ദ്വീപുകളിലും ഉൾപ്പടെ ഇരുപതോളം കേന്ദ്രങ്ങളിൽ അമെരിക്കൻ പോർവിമാനങ്ങൾ ശക്തമായ മിസൈൽ വർഷം നടത്തി. ഇതിനു മറുപടിയായി ഇറാനും വൻ തിരിച്ചടി നൽകി.

തങ്ങളുടെ അത്യാധുനിക ദീർഘദൂര മിസൈലുകളായ ഖദർ, ഇമാദ്,ഖൈബർ,സിജ്ജീൽ എന്നിവയുപയോഗിച്ച് കുവൈറ്റിലെ സലിം അൽ സാലിം വ്യോമതാവളം, ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട താവളം, ജോർദാനിലെ എഫ്-35 വിമാനങ്ങളുടെ ഹാങ്ങറുകൾ ഉൾപ്പടെ 21 കേന്ദ്രങ്ങളാണ് ഇറാൻ ലക്ഷ്യം വച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിച്ച സാഹചര്യത്തിൽ സൗദി അറേബ്യയും തുർക്കിയും ഉൾപ്പടെയുളള രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ നടത്തി വരികയാണ്. എന്നാൽ തങ്ങൾക്കു നേരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

നിലവിൽ അമെരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഇറാന് വലിയ സാമ്പത്തിക-പ്രതിരോധ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സൈന്യങ്ങൾ എത്രയും വേഗം ഈ മേഖല വിട്ടു പോകുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ ഇപ്പോഴും കനത്ത യുദ്ധഭീതി നിലനിൽക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com