

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ച; പുടിനുമായി കൂടിക്കാഴ്ച നടത്താൻ ട്രംപിന്‍റെ പ്രതിനിധി വിറ്റ്കോഫ് എത്തി
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ബുധനാഴ്ച റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിലെത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ യുക്രെയ്നുമേൽ ട്രംപ് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് നീക്കം.
നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വിറ്റ്കോഫ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ സന്ദർശനത്തിനുശേഷം കൂടുതൽ ചർച്ചകൾക്കായി വിറ്റ്കോഫ് ഓസ്ലോയിലേക്ക് മടങ്ങുമെന്ന് നോർവേ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറെ അറിയിച്ചു.
റഷ്യയും നയതന്ത്രത്തിനുള്ള സാധ്യതകൾ തേടുന്ന ഘട്ടത്തിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നതെന്ന് സ്റ്റോറെ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ചയും സെലൻസ്കി ഓസ്ലോയിലുണ്ടായിരുന്നു. രാജ്യത്തെ പാർലമെന്‍റ് സന്ദർശിക്കുകയും നിയമനിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സെന്‍റ് പീറ്റേഴ്സ്ബർഗിലെ കോൺസ്റ്റന്‍റൻ പാലസിൽ പുടിൻ വിറ്റ്കോഫിനെ സ്വീകരിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റിന്‍റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രിയേവും ചർച്ചയിൽ പങ്കെടുക്കും.
യുഎസ് നേതൃത്വത്തിലുള്ള സമാധാന നീക്കങ്ങൾക്ക് വേഗം കൂട്ടാൻ നേതാക്കൾ താൽപര്യപ്പെടുന്നതിന്‍റെ സൂചനയാണ് വിറ്റ്കോഫിന്‍റെ കൂടിക്കാഴ്ചകൾ. റഷ്യൻ സൈന്യം യുക്രെയ്നിൽ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ച് നാലര വർഷത്തിലേറെയായിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഉടൻ നിർണായക മുന്നേറ്റമുണ്ടാകുമെന്ന സൂചനകളുമില്ല.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകളിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ ദിവസേന ആക്രമണങ്ങൾ നടത്തിവരികയാണ്.
യുക്രെയ്ൻ സംബന്ധിച്ച് യുഎസ് മുന്നോട്ടുവയ്ക്കുന്ന പുതിയ നിർദേശങ്ങൾ കേൾക്കാൻ റഷ്യ തയാറാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ വാഷിങ്ടണിൽ നിന്ന് അത്ഭുതകരമായ നീക്കമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.