
രണ്ട് മണിക്കൂർ യാത്ര ഇനി രണ്ട് മിനിറ്റിൽ ഒതുക്കാം! ലോകത്തിലെ ഉയരമേറിയ പാലം തുറന്ന് ചൈന|Video
ബീജിങ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ പാലം തുറന്ന് ചൈന. ഗ്വിഴോ പ്രവിശ്യയിലെ ആഴമേറിയ കൊക്കയ്ക്കു മുകളിലായാണ് 625 മീറ്റർ ഉയരത്തിൽ ഹുജിയാങ് ഗ്രാൻഡ് കന്യോൺ എന്ന പാലം തുറന്നിരിക്കുന്നത്. 1420 മീറ്ററോളം സ്പാനിലുള്ള പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന വിഡിയോകൾ പുറത്തു വന്നു. പർവതപ്രദേശങ്ങളിൽ നിർമിക്കുന്ന ഏറ്റവും ദീർഘമായ സ്പാനിലുള്ള പാലമെന്ന റെക്കോഡും ഹുജിയാങ് ഗ്രാൻഡ് കന്യോണിന് സ്വന്തമാണ്. 2,900 മീറ്ററാണ് പാലത്തിന്‍റെ നീളം.
ചൈനയിൽ എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള മേഖലയിലേക്കാണ് പാലം നിർമിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് എത്തേണ്ടിയിരുന്ന പ്രദേശത്തെത്താൻ ഇനി വെറും രണ്ട് മിനിറ്റ് മാത്രം മതിയാകുമെന്നതാണ് പാലത്തിന്‍റെ പ്രത്യേകത.
വലിയ കണ്ടെയ്നർ ട്രക്കുകൾ കടത്തി വിട്ട് സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. യാത്രാ സൗകര്യം എന്നതിനൊപ്പം വിനോദസഞ്ചാരത്തിനും കൂടി ഊന്നൽ നൽകിയാണ് പാലത്തിന്‍റെ നിർമാണം. 207 മീറ്ററിൽ സൈറ്റ് സീയിങ് എലിവേറ്റർ, സ്കൈ കഫേകൾ, വ്യൂ പോയിന്‍റുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്.