പാക്കിസ്ഥാനിൽ സുരക്ഷാ ചെക്ക്പോസ്റ്റിന് നേരെ ഭീകരാക്രമണം; ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു, 28 പേർക്ക് പരുക്ക്

തഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുൽഫിഖാർ ഹമീദ് പറഞ്ഞു
Terrorist attack on a security checkpoint in Pakistan (file photo)

പാക്കിസ്ഥാനിൽ സുരക്ഷാ ചെക്ക്പോസ്റ്റിന് നേരെ ഭീകരാക്രമണം (ഫയൽ ചിത്രം)

Updated on

പെഷാവർ: പാക്കിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ സുരക്ഷാ ചെക്ക്പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 28 പേർക്ക് പരുക്കേറ്റു. അതേസമയം, പൊലീസ് നടത്തിയ തിരിച്ചടിയിൽ 15 ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹംഗു ജില്ലയിലെ ഖസീന ബണ്ട ചെക്ക്പോസ്റ്റിന് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്.

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ദിയാർ ഖാനും മരിച്ചവരിൽ ഉൾപ്പെടും. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. തഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുൽഫിഖാർ ഹമീദ് പറഞ്ഞു. ആക്രമണത്തെ പാക്കിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അപലപിച്ചു.

ഭീകരാക്രമണങ്ങൾ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരരുടെ നീക്കങ്ങൾ, സൈനിക നടപടികൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ വർഷങ്ങളായി അശാന്തി നേരിടുകയാണ്. 2022 നവംബറിൽ വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷം ടിടിപിയാണ് ഈ പ്രവിശ്യയിൽ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് പാക്കിസ്ഥാൻ സർക്കാരിന്‍റെ ആരോപണം.

logo
Metro Vaartha
www.metrovaartha.com