നീതു ചന്ദ്രൻ
കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ അസ്വസ്ഥനാക്കിയിരുന്ന അലക്സി നവാൽനി... നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിൽ ദുരൂഹമായ സാഹചര്യത്തിൽ നവാൽനി മരണപ്പെട്ടിട്ടും പുടിന്‍റെ ഹൃദയത്തിൽ നിന്ന് ഭയം പൂർണമായും ഒഴിഞ്ഞിട്ടില്ല. നവാൽനിയുടെ ഭാര്യയും അമ്മയും നിരന്തരം ആവശ്യപ്പെട്ടിട്ടും നവാൽനിയുടെ മൃതദേഹം വിട്ടു കൊടുക്കാതെ പുടിനും കൂട്ടരും ഉഴറുന്നതിനു പിന്നിൽ മറ്റൊരു കാരണവും നിരത്താനില്ല.
നവാൽനി ആദ്യം ബ്ലോഗിലൂടെയും പിന്നെ സന്നദ്ധ സംഘടന രൂപീകരിച്ചും 2011 മുതൽ തന്നെ പുടിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു തുടങ്ങിയിരുന്നു. അഴിമതിയാണ് പുടിന്‍റെയും അദ്ദേഹത്തിന്‍റെ സർക്കാരിന്‍റെയും അടിസ്ഥാന ശിലയെന്നാണ് നവാൽനി നിരന്തരമായി ആരോപിച്ചിരുന്നത്. പുടിനും റഷ്യൻ സർക്കാരിനുമെതിരേ ആഞ്ഞടിച്ചു തുടങ്ങിയപ്പോൾ മുതൽ നവാൽനിക്കു ചുറ്റും പുടിന്‍റെ രഹസ്യക്കണ്ണുകൾ നിരീക്ഷണം തുടങ്ങിയിരുന്നു. പലപ്പോഴായി തീവ്രവാദം പോലുള്ള ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ചു കൊണ്ടുള്ള കേസുകളായും ഒരിക്കൽ മരണത്തോടടുത്തെത്തി മടങ്ങിയ വിഷപ്രയോഗമായും പുടിന്‍റെ പക നവാൽനിയെ ചുറ്റി ചൂഴ്ന്നു നിന്നു.
2020ൽ സെർബിയയിൽ നിന്ന് മോസ്കോയിലേക്ക് വരും വഴിയാണ് നവാൽനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായത്. പരിശോധനയിൽ വിഷം ശരീരത്തിൽ ബാധിച്ചതായി കണ്ടെത്തി. ഒടുവിൽ കോമയിലേക്ക് പോയ നവാൽനി ജർമനിയിൽ എത്തി ചികിത്സിച്ചതിനു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ജർമനിയിൽ നിന്ന് മോസ്കോയിലേക്ക് തിരിച്ചെത്തിയ ഉടൻ തന്ന തീവ്രവാദക്കുറ്റം ചുമത്തി റഷ്യ നവാൽനിയെ അറസ്റ്റ് ചെയ്തു. പല കേസുകളിലായി 30 വർഷത്തെ തടവാണ് നവാൽനിക്ക് വിധിച്ചിരുന്നത്. റഷ്യയിൽ ഒരു രാഷ്‌ട്രീയ നേതാവിനു ലഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള തടവുശിക്ഷ.
ഒടുവിൽ റഷ്യയിലെ ഏറ്റവും കഠോരമെന്ന് കുപ്രസിദ്ധിയാർജിച്ച ജയിലറയ്ക്കുള്ളിൽ അകാരണമായി കുഴഞ്ഞു വീണു നവാൽനി മരിച്ചുവെന്ന് എഴുതി റഷ്യൻ ജയിൽ സർവീസ് നവാൽനിക്കെതിരേയുള്ള കാലങ്ങൾ നീണ്ടു നിന്ന ആ ദൗത്യം പൂർത്തിയാക്കി! മരണമടഞ്ഞുവെന്ന് സ്ഥിരീകരിച്ചിട്ടും മൃതശരീരം അദ്ദേഹത്തിന്‍റെ അമ്മയെ പോലും കാണിക്കാൻ അനുവദിക്കാത്തത് ദുരൂഹമാണെന്ന് നവാൽനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും അനുയായികളും ആരോപിക്കുന്നുണ്ട്. അന്താരാഷ്‌ട്ര സമൂഹം അത്രയേറെ ശക്തമായി റഷ്യൻ സർക്കാരിനെ വിമർശിക്കുന്നുമുണ്ട്. പക്ഷേ, ഇവയൊന്നും റഷ്യയെ തരിമ്പും ബാധിക്കുന്നില്ലെന്നു മാത്രം. നവാൽനിയുടെ മരണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അതേക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നും ക്രെംലിൻ വക്താവ് പറയുന്നു. അതു മാത്രമല്ല അദ്ദേഹത്തിന്‍റെ മൃതദേഹം എന്നു കുടുംബത്തിന് കൈമാറുമെന്ന് കൃത്യമായി പറയാൻ ആകില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറയുമ്പോൾ അതിൽ സംശയം തോന്നുന്നത് സ്വാഭാവികം.
''അദ്ദേഹത്തിന്‍റെ ശരീരത്തിൽ നിന്ന് വിഷത്തിന്‍റെ കണികകൾ പൂർണമായും അപ്രത്യക്ഷമാകാൻ വേണ്ടി കാത്തിരിക്കുകയാണവർ. അതിനു വേണ്ടിയാണ് ഇത്ര ദിവസം കഴിഞ്ഞിട്ടും മൃതശരീരം വിട്ടു തരാൻ തയാറാകാതെ നുണകൾ പറഞ്ഞ് ആ ഭീരുക്കൾ സമയം കളയുന്നത്. വിഷം പ്രയോഗിച്ച് നവാൽനിയെ കൊന്നേക്കാം എന്ന ഭയം ഞാൻ മുൻപേ പങ്കു വച്ചിരുന്നു...'', പുടിനെതിരേയുള്ള വീഡിയോയിൽ നവാൽനിയുടെ ഭാര്യ യൂലിയ ആരോപിക്കുന്നു.
ജയിലറയ്ക്കു മുന്നിലൂടെ നടക്കുകയായിരുന്ന നവാൽനി കുഴഞ്ഞു വീണുവെന്നും ചികിത്സ ലഭ്യമാക്കിയപ്പോഴേക്കും മരണപ്പെട്ടുവെന്നുമാണ് ജയിൽ അധികൃതർ പറയുന്ന കഥ. റഷ്യ ഏതു വിധത്തിലുള്ള അന്വേഷണം നടത്തിയാലും പരിശോധന നടത്തിയാലും അന്താരാഷ്‌ട്ര തലത്തിൽ അവ ചോദ്യം ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. ഇതിനിടെ നിരവധി രാഷ്‌ട്ര നേതാക്കൾ നവാൽനിയുടെ മരണത്തിന്‍റെ ഉത്തരവാദി പുടിൻ ആണെന്ന് പരസ്യമായി ആരോപിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം തികച്ചും തെറ്റായ ആരോപണങ്ങൾ മാത്രമാണെന്ന് ദിമിത്രി പെസ്കോവ് പറയുന്നു.
നവാൽനിയുടെ മരണം അക്ഷരാർഥത്തിൽ റഷ്യയിലെ പ്രതിപക്ഷത്തെ തളർത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് പ്രതിപക്ഷത്തെ അതിശക്തനായ നേതാവ് ഇല്ലാതായിരിക്കുന്നത്. പുടിൻ അടുത്ത ആറു വർഷത്തേക്കു കൂടി അധികാരത്തിലേറുമെന്നതിൽ അല്ലെങ്കിൽ തന്നെ ആർക്കും സംശയമുണ്ടായിരുന്നില്ല. പുടിൻ ഭരണത്തിൽ ഹതാശരായ റഷ്യയിലെ പലർക്കും അവസാന കച്ചിത്തുരുമ്പും പ്രതീക്ഷയുമായിരുന്നു നവാൽനി. ആ പ്രതീക്ഷയും പാതിയിൽ കരിഞ്ഞു പോയിരിക്കുന്നു. യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറൽ നവാൽനിയുടെ മരണത്തിൽ അന്താരാഷ്‌ട്ര തലത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങളൊന്നും സ്വീകരിക്കാൻ റഷ്യക്കാകില്ലെന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടുണ്ട്.
നവാൽനിയുടെ മരണത്തിനു പിന്നാലെ ഏതാണ്ട് നാനൂറോളം പേരെയാണ് റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തത്. നവാൽനിക്കു വേണ്ടി പൂക്കൾ അർപ്പിച്ചവരും മെഴുകുതിരികൾ കത്തിച്ചവരുമാണ് അറസ്റ്റിലായ എല്ലാവരും. മരണവിവരം പുറത്തു വന്ന അന്നു രാത്രി തന്നെ പൊലീസ് പലയിടങ്ങളിലും എത്തി നവാൽനിക്ക് അഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബാനറുകളും പൂക്കളും എടുത്തുമാറ്റി. നവാൽനിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്കു വിട്ടു കൊടുക്കണമെന്ന് അര ലക്ഷം പേരാണ് സർക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്.
''അലക്സിയെ കൊന്നതോടെ പുടിൻ പാതി എന്നെ കൂടിയാണ് കൊന്നിരിക്കുന്നത്.. എന്‍റെ ഹൃദയത്തിന്‍റെ പാതി, ആത്മാവിന്‍റെ പാതി കൊല്ലപ്പെട്ടിരിക്കുന്നു. പക്ഷേ എനിക്ക് മറുപാതി ഉണ്ട്. തോറ്റ് പിന്മാറരുതെന്ന് അതെന്നോട് പറയുന്നുണ്ട്. അലക്സി നവാൽനിയുടെ പ്രവർത്തനങ്ങൾ ഞാൻ തുടരും...'', വിഡിയോയിൽ യൂലിയ പറയുന്നു. അവസാനിക്കാത്ത ഇത്തരം പോരാട്ടങ്ങളിൽ മാത്രമാണ് റഷ്യയിലെ പുടിൻ വിരുദ്ധരുടെ പ്രതീക്ഷ ശേഷിക്കുന്നത്.