

ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: 350 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും സംഘർഷത്തിൽ നിന്ന് പിന്മാറിയതെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്നും ഞങ്ങൾ യുദ്ധത്തിലേർപ്പെടില്ലെന്ന് മോദി ഉറപ്പു നൽകിയെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യ-പാക് പ്രശ്നം പരിഹരിച്ചത് യുഎസ് ആണെന്ന് അറുപതാം തവണയാണ് ട്രംപ് അവകാശപ്പെടുന്നത്. ഇന്ത്യ ഈ അവകാശവാദത്തെ നിരന്തരമായി തള്ളിക്കളയുന്നുമുണ്ട്. ഇന്ത്യ- പാക് പ്രശ്നത്തിൽ മൂന്നാമതൊരു രാഷ്ട്രത്തിന്‍റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ട്രംപ് ഇക്കാര്യത്തിൽ ഇപ്പോഴും കടിച്ചു തൂങ്ങുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാൽ ഞാൻ മിടുക്കനാണ്, പണ്ടും ഞാൻ അങ്ങനെയായിരുന്നു. ഇക്കാലത്തും അതിനു മുൻപും ഞാൻ നന്നായി അക്കാര്യം ചെയ്തിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി യുദ്ധങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. ആണവായുധങ്ങൾ വരെ പ്രയോഗിച്ച് യുദ്ധത്തിൽ തുടരാനായിരുന്നു അവരുടെ നീക്കമെന്നും ട്രംപ് ബുധനാഴ്ച പറഞ്ഞു.
യുഎസ്- സൗദി ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. യുദ്ധവുമായി മുന്നോട്ടു പോകുകയാണെങ്കിൽ നിങ്ങൾക്കു പോകാം, പക്ഷേ ഞാൻ ഇരു രാജ്യങ്ങൾക്കും 350 ശതമാനം വീതം താരിഫ് യുഎസ് ഏർപ്പെടുത്തുമെന്നും പിന്നീട് യാതൊരു വിധത്തിലുള്ള വ്യാപാരവും യുഎസുമായി ഉണ്ടാകില്ലെന്നും താനവരോട് പറഞ്ഞുവെന്നും ട്രംപ് അവകാശപ്പെടുന്നു.
അതോടെ ഇന്ത്യയും പാക്കിസ്ഥാനും അങ്ങനെ ചെയ്യരുതെന്ന് തന്നോട് പറഞ്ഞു. സംഘർഷം ഒഴിവാക്കുന്നതിനായി 350 ശതമാനം താരിഫ് ഇരുരാജ്യങ്ങൾക്കു മേലും ചുമത്താൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റിനോട് പറഞ്ഞിരുന്നു, ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ അവരുമായി നല്ലൊരു വ്യാപാര കരാർ ഉണ്ടാക്കാനും പറഞ്ഞിരുന്നതായി ട്രംപ്. ഇതു വരെ ഒരു പ്രസിഡന്‍റും താരിഫ് ഉപയോഗിച്ച് യുദ്ധങ്ങൾ അവസാനിപ്പിച്ച് കാണില്ല. എട്ടിൽ അഞ്ച് യുദ്ധങ്ങളും അവസാനിച്ചത് താരിഫും വ്യാപാരവും മൂലമാണെന്നും ട്രംപ് വാദിക്കുന്നു.
അതോടെയാണ് പ്രധാനമന്ത്രി മോദിയിൽ നിന്ന് തനിക്ക് ഫോൺ കോൾ ലഭിച്ചത്. ഞങ്ങൾ യുദ്ധത്തിലേക്ക് പോകുന്നില്ലെന്ന് മോദി പറഞ്ഞു. അതോടെ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് പുതിയ കരാർ ആരംഭിക്കാമെന്ന് പറഞ്ഞതായും ട്രംപ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് പേരുടെ ജീവനാണ് താൻ രക്ഷിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. മേയ് 10 മുതൽ ട്രംപ് ഈ അവകാശവാദവുമായി രംഗത്തുണ്ട്.