യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: കനത്ത വെല്ലുവിളികൾ ഏറ്റു വാങ്ങി ട്രംപ്

ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നവംബർ 3ന്
US midterm elections: Trump faces tough challenges

തെരഞ്ഞെടുപ്പ്: കനത്ത വെല്ലുവിളികൾ ഏറ്റു വാങ്ങി ട്രംപ്

Updated on: 

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കാലാവധിയുടെ അവസാന രണ്ടുവർഷം യുഎസ് കോൺഗ്രസ് ആരു നയിക്കണമെന്ന് നിർണയിക്കുന്ന തെരഞ്ഞെടുപ്പ്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രൂക്ഷമായ വിലക്കയറ്റവും ജീവിതച്ചെലവ് വർധിച്ചതും ട്രംപിന്‍റെ ജനപ്രീതിയിൽ ഉണ്ടാക്കിയ ഇടിവ് ചില്ലറയല്ല. ഇത് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രവചനങ്ങൾ. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകില്ല. എന്നാൽ പുതിയ നിയമ നിർമാണങ്ങളും പദ്ധതികളും പാസാക്കുന്നതിൽ അദ്ദേഹത്തിന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും.

‍യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് എന്നാൽ...

യുഎസ് പാർലമെന്‍റായ കോൺഗ്രസിന് 435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയും 100 അംഗങ്ങളടങ്ങുന്ന സെനറ്റും ഉൾപ്പടെ രണ്ടു സഭകളുണ്ട്. ജനപ്രതിനിധി സഭയുടെ കാലാവധി രണ്ടു വർഷം, സെനറ്റ് അംഗങ്ങളുടെ കാലാവധി ആറു വർഷവും. എന്നാൽ സെനറ്റ് തെരഞ്ഞെടുപ്പ് ഒന്നിച്ചല്ല. 100 അംഗങ്ങളിലെ മൂന്നിലൊരു ഭാഗത്തെ ഓരോ രണ്ടു വർഷം കൂടുമ്പോഴും തെരഞ്ഞെടുക്കും. അതിനാൽ ഈ വരുന്ന നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 435 ജനപ്രതിനിധി സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് പ്രധാന മത്സരം. നാല് വർഷം കൂടുമ്പോൾ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ കൃത്യം രണ്ട് വർഷം തികയുമ്പോഴാണ് ഈ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്.

നിലവിൽ നേരിയ ഭൂരിപക്ഷം: ഇംപീച്ച് ചെയ്യപ്പെടുമോ ട്രംപ്?

യു.എസ്. കോൺഗ്രസിലെ രണ്ട് സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. 435 അംഗ പ്രതിനിധി സഭയിൽ ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയോടെ 219 പ്രതിനിധികളാണ് റിപ്പബ്ലിക്കൻസിനുള്ളത്. ഡെമോക്രാറ്റുകൾക്കും 219 സീറ്റുകളാണുള്ളത്.

രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 45 സീറ്റുകളുമാണുള്ളത്. ഡെമോക്രാറ്റുകൾ പ്രതിനിധി സഭയുടെ നിയന്ത്രണം നേടുമെന്നാണ് സമീപകാല സർവേകൾ പ്രവചിക്കുന്നത്. ഡെമോക്രാറ്റുകൾ ഇരുസഭകളിലും ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ വീറ്റോ അധികാരവും എക്സിക്യൂട്ടീവ് അധികാരവും നിലനിൽക്കുമെങ്കിലും, കോൺഗ്രസിലൂടെ പുതിയ നിയമങ്ങൾ പാസാക്കിയെടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാകും. കൂടാതെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളും ഉണ്ടായേക്കാം.

മുഖ്യ വിഷയം പെട്രോൾ-അവശ്യ സാധന വിലവർധന തന്നെ

ഇറാനിൽ അമേരിക്കയും ഇസ്രായേലുമായി നടത്തിയ സൈനികാക്രമണത്തെ തുടർന്നുണ്ടായ പെട്രോൾ വിലവർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് യു.എസിൽ ഏറ്റവുംകൂടുതൽ ചർച്ചയായത്. വീട്ടുവാടകയും ആരോഗ്യ മേഖലയിലെ ചെലവുകളും വോട്ടർമാരുടെ പ്രധാന വേവലാതികളാണ്. ഇതിനുപുറമെ യു.എസ്-മെക്സിക്കോ അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ക്രിപ്റ്റോകറൻസി, ഗർഭച്ഛിദ്രം, യുദ്ധം തുടങ്ങിയവയും പ്രധാന പ്രചാരണ വിഷയങ്ങളായി മാറിയിട്ടുണ്ട്. നിലവിലുള്ള ഭരണത്തിന്‍റെ വിലയിരുത്തലായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

ഭാവിയിലേയ്ക്കു നോക്കുമ്പോൾ ...

സാധാരണയായി ഇടക്കാല തിരഞ്ഞെടുപ്പുകളിൽ നിലവിലുള്ള പ്രസിഡന്‍റിന്‍റെ പാർട്ടിക്ക് കോൺഗ്രസിൽ സീറ്റുകൾ നഷ്ടപ്പെടാറുണ്ട്. ട്രംപിന്‍റെ ആദ്യ കാലയളവിലെ 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതിനിധി സഭയിൽ വലിയ തോതിൽ സീറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഇത്തവണയും പ്രതിനിധി സഭയിൽ സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും സെനറ്റിലെ മത്സരം നിർണായകമാണ്. ട്രംപിന് മൂന്നാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ലെന്നിരിക്കെ, ഈ തിരഞ്ഞെടുപ്പിന് ശേഷം 2028-ലെ അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലേക്ക് ഇരുപാർട്ടികളുടെയും സ്ഥാനാർഥി നിർണ്ണയത്തെക്കുറിച്ചുള്ള വ്യക്തത കൈവരും.

logo
Metro Vaartha
www.metrovaartha.com