
"ട്രംപ് മരിച്ചു"! എക്സിൽ വൈറലായി ട്രംപിന്‍റെ മരണം, തള്ളി വൈറ്റ്ഹൗസ്
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണിപ്പോൾ എക്സ് പ്ലാറ്റ്ഫോമിലെ ട്രെൻഡിങ് ടോപിക്. ഇത്തവണ പക്ഷേ യുദ്ധവും താരിഫുമൊന്നുമല്ല വിഷയമെന്നു മാത്രം. ട്രംപ് മരിച്ചുവെന്ന പോസ്റ്റാണ് എക്സിൽ നിറയുന്നത്. ട്രംപ് മരിച്ചിരിക്കുന്നു... ഈ പോസ്റ്റ് ലൈക് ചെയ്ത് പങ്കു വയ്ക്കുന്നവർക്ക് ആയിരം ഡോളർ നൽകുന്നു.. എന്ന രീതിയിലുള്ള പതിനായിരക്കണക്കിന് പോസ്റ്റുകളാണ് എക്സിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. ട്രംപിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പുതിയ ട്രെൻഡ് എന്നതും ശ്രദ്ധേയമാണ്. കാലിൽ നീരുമായി ട്രംപ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന് അസുഖമാണെന്ന അഭ്യൂഹം ശക്തമായത്. അതിനിടെ അത്തരത്തിൽ എന്തെങ്കിലും ദുരന്തം സംഭവിക്കുകയാണെങ്കിൽ അധികാരത്തിലേറാൻ താൻ തയാറാണെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറഞ്ഞതും അഭ്യൂഹങ്ങളുടെ ശക്തി വർധിപ്പിച്ചു. അതേ സമയം ട്രംപ് ആരോഗ്യവാനാണെന്നും അവിശ്വസനീയമാം വിധം മികച്ച ആരോഗ്യമുണ്ടെന്നും വാൻസ് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.
79കാരനായ ട്രംപ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ട് ദിവസങ്ങളായി. ഇക്കാര്യത്തിൽ വൈറ്റ് ഹൗസ് ഇനിയും മൗനം ഭേദിച്ചിട്ടുമില്ല.
കൈപ്പത്തിയിൽ കരുവാളിപ്പോടു കൂടിയാണ് കഴിഞ്ഞ ആഴ്ചയിൽ യുഎസ് പ്രസിഡന്‍റ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജെയ് മ്യുങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കരുവാളിപ്പ് മേക്കപ്പിലൂടെ മറക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അതു വിജയം കണ്ടിരുന്നില്ല. ജൂലൈയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ ട്രംപിന്‍റെ കാലിൽ നീരുണ്ടായിരുന്നതായും വ്യക്തമാണ്. വിശദമായ പരിശോധനയിൽ അദ്ദേഹത്തിന് ക്രോണിക് വീനസ് ഇൻസഫിഷൻസിയാണെന്ന് കണ്ടെത്തിയിരുന്നു. കാലിൽ നിന്നുള്ള രക്തം ഹൃദയത്തിലേക്കെത്താൻ ബുദ്ധിമുട്ടു നേരിടുന്നതു മൂലമാണ് ഈ പ്രശ്നമുണ്ടാകുന്നത്. എഴുപതുകളിൽ ഈ അസുഖം സാധാരണമാണെന്ന് ഡോക്റ്റർമാർ പറയുന്നു.