

ഇല്ലാതാക്കുമെന്ന് ട്രംപ്, നരകം കാണിക്കുമെന്ന് ഇറാൻ; അവസാനിക്കാതെ സംഘർഷം
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോയിരുന്ന എണ്ണക്കപ്പലിനു നേരെ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. ആക്രമണത്തിന്‍റെ സെക്കൻഡുകൾ ദൈർഘ്യമുള്ള വിഡിയോ യുഎസ് പുറത്തു വിട്ടിട്ടുണ്ട്. മേഖലയിൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനു പിന്നാലെയാണ് യുഎസിന്‍റെ ശക്തമായ തിരിച്ചടി.
യുക്തിസഹമായി പെരുമാറുന്നതിന് പരിധിയുണ്ടെന്നും ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും വീണ്ടും സൈനിക നടപടിയിലേക്ക് പോകാൻ യുഎസ് നിർബന്ധിതമായാൽ ഇറാൻ എന്ന രാജ്യത്തെ തന്നെ ഇല്ലാതാക്കുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
അതേ സമയം കുവൈറ്റിലെയും ബഹ്റിനിലെയും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ വെളിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ നരകം കാണിക്കുമെന്നും ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.