

ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: യുഎസിൽ സ്ഥിരതാമസത്തിനായി ട്രംപ് ഗോൾഡ് കാർഡ് വിസ പദ്ധതിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിദേശികൾക്ക് ഭാവിയിൽ യുഎസ് പൗരത്വം വരെ ഉറപ്പാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഒരു മില്യൺ യുഎസ് ഡോളർ അതായത് 9,01, 75,800 രൂപ നൽകി ഗോൾഡ് കാർഡ് സ്വന്തമാക്കിയാൽ അവരുടെ വിസ നടപടികൾ വേഗത്തിലാക്കും.
ഇതിനായി പുതിയ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. പ്രോസസിങ് ഫീസായി 15,000 ഡോളർ അടച്ചതിനു ശേഷമാണ് ഒരു മില്യൺ ഡോളർ കൂടി അടക്കേണ്ടത്. റെക്കോഡ് സമയത്തിൽ യുഎസിൽ സ്ഥിര താമസ അനുമതി ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
യുഎസിലെ ഇബി-5 വിസയ്ക്ക് പകരമായാണ് ട്രംപ് പുതിയ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തുകയെല്ലാം യുഎസ് സർക്കാരിലേക്ക് പോകുമെന്നും ബില്യൺ കണക്കിന് ഡോളർ അക്കൗണ്ടിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറയുന്നു. അടിസ്ഥാനപരമായി ഇതൊരു ഗ്രീൻ കാർഡാണ്, എന്നാൽ അതിനേക്കാൾ ഏറെ മെച്ചപ്പെട്ടതും ശക്തവുമാണെന്ന് ട്രംപ് പറയുന്നു.