ഹോർമൂസ് കടലിടുക്കിൽ യുദ്ധ കാഹളം മുഴക്കി ഇറാൻ

യുഎസ് കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്ത് ഐആർജിസി
IRGC fires missiles and drones at US ships

യുഎസ് കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്ത് ഐആർജിസി

Updated on

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ അമെരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ നാവികസേന മുന്നറിയിപ്പായി വെടിയുതിർത്തു. മേഖലയിൽ നിലയുറപ്പിച്ചിരുന്ന യുഎസ് നേവി ഡിസ്ട്രോയറുകളുടെ നീക്കം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍റെ നടപടി. ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി ആണ് നാവികസേനയെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തു വിട്ടത്.

യുഎസ് ഡിസ്ട്രോയറുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞയുടൻ തന്നെ ഇറാൻ സേന പ്രാഥമിക മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇവ അവഗണിച്ചു കൊണ്ട് കപ്പലുകൾ മുന്നോട്ടു നീങ്ങിയതോടെയാണ് ഇറാൻ ശക്തമായ നിലപാട് സ്വീകരിച്ചത്. കടലിടുക്കിലേയ്ക്ക് പ്രവേശിക്കാനുള്ള ഏതു ശ്രമവും വെടിനിർത്തൽ കരാറിന്‍റെ ലംഘനമായി കണക്കാക്കുമെന്നും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ രണ്ടാം മുന്നറിയിപ്പിൽ വ്യക്തമാക്കി.

തുടർന്ന് മിസൈലുകളും റോക്കറ്റുകളും പോർ വിമാനങ്ങൾക്കൊപ്പം അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ മുന്നറിയിപ്പ് വെടിയുതിർത്തത്. തങ്ങളുടെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കുമെന്ന്ഇറാൻ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു.

കടലിടുക്കിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന യുഎസ് നടപടി മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ മുന്നറിയിപ്പു നൽകുന്നു. എന്നാൽ ഹോർമൂസ് കടലിടുക്ക് കടന്ന യുഎസിന്‍റെ മിസൈൽ ഡിസ്ട്രോയറുകൾ നിലവിൽ പേർഷ്യൻ ഗൾഫിൽ തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

വാണിജ്യ കപ്പലുകളുടെ സുഗമമായ യാത്ര പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളിൽ അമെരിക്കൻ സേനസജീവമായി ഇടപെടുന്നതായി എക്സിലൂടെ അവർ വ്യക്തമാക്കി.

ഇറാന്‍റെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ യുഎസ് സൈനികവക്താക്കൾ ഇതു വരെ തയാറായിട്ടില്ല. മേഖലയിൽ അമെരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെ പുറത്തു വന്ന ഈ റിപ്പോർട്ട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കകൾക്കും ചർച്ചകൾക്കും വഴി തുറന്നു.

logo
Metro Vaartha
www.metrovaartha.com