ഹനോയ്: വിയറ്റ്നാമിൽ കനത്ത നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. 58 പേരെ കാണാതായി. ഏകദേശം 764 പേര്‍ക്ക് പരുക്കേറ്റതായാണ് കണക്ക്. 210,000 ഹെക്ടര്‍ കൃഷി നശിച്ചതായാണ് കണക്കുകള്‍. പാലങ്ങളും നിരവധി കെട്ടിടങ്ങളും തകർന്നു.
ഏഷ്യയിലെ ഈ വർഷം വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്. 30 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് കൂടിയാണ് യാഗി. തുടര്‍ന്നുണ്ടായ കനത്ത മഴയിൽ വടക്കന്‍ വിയറ്റ്‌നാമിലുടനീളം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായി. വ്യാവസായിക മേഖലകളിലുള്‍പ്പെടെ 1.5 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമല്ല.
ഹനോയിയിലെ റെഡ് നദിയുടെ ജലനിരപ്പ് ഓരോ മണിക്കൂറിലും 10 സെന്‍റീമീറ്റര്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തെക്കൻ ചൈനാക്കടലിൽ ഓഗസ്റ്റ് 30ന് രൂപം കൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവനാണ് അപഹരിച്ചത്. മണിക്കൂറില്‍ 149 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. തെക്കന്‍ ചൈനയിലെ ഹൈനാന്‍ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റ് 8 ലക്ഷത്തോളം പാര്‍പ്പിടങ്ങളുടെ നാശത്തിനാണ് കാരണമായതെന്നുമാണ് റിപ്പോര്‍ട്ട്.