ട്രംപിനെ ആശങ്ക അറിയിച്ച് സൗദി കിരീടാവകാശി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി മുഹമ്മദ് ബിൻ സൽമാൻ
Saudi Crown Prince expresses concern to Trump

ട്രംപിനെ ആശങ്ക അറിയിച്ച് സൗദി കിരീടാവകാശി

Updated on

റിയാദ് : ഇറാനെതിരേ പ്രത്യാക്രമണം ശക്തമാക്കാൻ അമെരിക്ക ആലോചിക്കുന്നതിനിടെ മേഖലയിലെ പിരിമുറുക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീർ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. വൻ തോതിലുള്ള വ്യോമാക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന ആശങ്ക സൗദി അറേബ്യ ട്രംപിനെ അറിയിച്ചതായും സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ തേടണമെന്ന് ആവശ്യപ്പെട്ടതായും നയതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തി.

അതേസമയം മേഖലയിൽ പുതിയൊരു യുദ്ധത്തിലേയ്ക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ ഖത്തർ, പാക്കിസ്ഥാൻ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ അടിയന്തര നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. ട്രംപിന്‍റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായും ഇറാനിയൻ ഉദ്യോഗസ്ഥരുമായും ഇവർ ആശയവിനിമയം നടത്തുന്നുണ്ട്.

പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാന ജലപാതയായ ഹോർമൂസ് സമുദ്ര സന്ധിയിലൂടെ കപ്പൽ ഗതാഗതം പുന: സ്ഥാപിക്കാൻ ഇറാനും ഒമാനും തമ്മിൽ കരാറിൽ എത്തിക്കുകയാണ് മധ്യസ്ഥ ചർച്ചകളുടെ പ്രാഥമിക ലക്ഷ്യം. ഇറാനിൽ പ്രത്യാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനെതിരേ കടുത്ത ആക്രമണം നടത്തുമെന്നും സഹിക്കാവുന്നതിലും അപ്പുറമായ തിരിച്ചടി അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഇതിന് പിന്നാലെയാണ് സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ച ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ ഇറാഖിലെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ-സൗദി യുദ്ധവിമാനങ്ങൾ സംയുക്ത ആക്രമണം നടത്തിയത്. എങ്കിലും, മേഖലയിലെ സമാധാനം നിലനിർത്താൻ സൈനിക നടപടികളിൽ നിന്ന് പിന്മാറണമെന്ന ശക്തമായ നിലപാടിലാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ.

logo
Metro Vaartha
www.metrovaartha.com