ഐസെൻകോട്ടിന്‍റെ കുതികാൽ വെട്ടി നെതന്യാഹു

"പറയാൻ നേരായ ഒരു പ്രതിപക്ഷം പോലുമില്ല "എന്നു നെതന്യാഹുവിന്‍റെ തെരഞ്ഞെടുപ്പു പ്രചരണം
 Netanyahu

നെതന്യാഹു

Updated on

റീന വർഗീസ് കണ്ണിമല

തന്‍റെ ശക്തനായ രാഷ്ട്രീയ എതിരാളിയ്ക്കെതിരേ ആഞ്ഞടിച്ച് നെതന്യാഹു. ഇക്കഴിഞ്ഞ ടെലിവിഷൻ പോളിൽ ആരാകണം അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 45 ശതമാനം പേരും ആവർത്തിച്ച പേരാണ് മുൻ ഐഡിഎഫ് ചീഫും നിലവിൽ യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസെൻകോട്ടിന്‍റെ പേര്. നെതന്യാഹുവിന് 36 ശതമാനം വോട്ട് മാത്രമാണ് ഈ പോളിൽ കിട്ടിയത്.

അറബ് പാർട്ടികളുമായി യാഷെർ പാർട്ടിക്കും ഗാഡി ഐസെൻകോട്ടിനുമുള്ള രാഷ്ട്രീയ പങ്കാളിത്തത്തിന്‍റെ സാധ്യതകൾക്കെതിരേ ആഞ്ഞടിച്ചു കൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹു ഐസെൻകോട്ടിന് തലവേദന സൃഷ്ടിക്കുന്നത്.

Gadi Eisenkot

ഗാഡി ഐസെൻകോട്ട്

ഇസ്ലാമിക വേരുകളുള്ള ഇസ്രയേലിലെ പാർട്ടിയായ റാമുമായി സഹകരിച്ച് ആകും ഗാഡി ഐസെൻകോട്ടിന്‍റെ പാർട്ടിയായ യാഷർ ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുക എന്ന് ടുബ-സാംഗാരിയെ കൗൺസിൽ തലവൻ മുയീദ്-അൽ-ഹെയ്ബ് ഇസ്രയേലിലെ റേഡിയോ നാസിനോടും തുടർന്ന് ചാനൽ 12 നോടും വെളിപ്പെടുത്തുകയും ഐസെൻ‌കോട്ടിന്‍റെ യാഷർ പാർട്ടി യോഗത്തിൽ നിന്നുള്ള 32 മിനിറ്റ് നീണ്ട റെക്കോർഡിങുകൾ പുറത്തു വിടുകയും ചെയ്തിരുന്നു.

എന്നാൽ ഈ റെക്കോഡിങുകളിലെങ്ങും ഐസെൻകോട്ടിന്‍റെ പ്രതികരണം ഇല്ല. കൗൺസിൽ തലവൻ മുയീദ്-അൽ-ഹെയ്ബ് തങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ ഐസെൻകോട്ടിനെ ക്ഷണിക്കുന്നത് റെക്കോഡിങ്ങുകളിൽ വ്യക്തമാണു താനും. എന്നാൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ യാഷെർ പാർട്ടിയും ഐസെൻകോട്ടും വാലിനു തീ പിടിച്ച കുരങ്ങനെ പോലെ പരിഭ്രാന്തിയിലാണ്. അതിനു കാരണമാകട്ടെ യാഷെർ പാർട്ടിയുടെ വേരു മാന്താൻ പോന്ന നെതന്യാഹുവിന്‍റെ ചടുല നീക്കങ്ങളും.

ഈ വരുന്ന ഒക്റ്റോബർ 27നു നടക്കുന്ന തെരഞ്ഞെടുപ്പിൽ തന്‍റെ മുഖ്യ എതിരാളിക്കെതിരേ തീ കോരിയിടുകയാണ് ഇപ്പോൾ നെതന്യാഹുവും ലിക്വുഡ് പാർട്ടിയും.

"നിങ്ങൾ അറിഞ്ഞില്ലെന്ന് പറയരുത്. ഐസൻകോട്ട് യെയർ ഗോലാൻ, ലിബർമാൻ, അറബ് പാർട്ടികൾ എന്നിവരുമായി ചേർന്ന് ഒരു ഇടതുപക്ഷ സർക്കാർ രൂപീകരിക്കും' എന്ന് ഇസ്രയേലിലെ ജനങ്ങൾക്കു മുന്നറിയിപ്പുമായി നെതന്യാഹുവിന്‍റെയും ലിക്വുഡ് പാർട്ടി നേതാക്കളുടെയും നിരവധി വീഡിയോകളും അഭിമുഖങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

ഇതോടെ വെട്ടിലായ ഐസെൻകോട്ട് പ്രതിരോധവുമായി രംഗത്തെത്തി. ഇസ്രയേലിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ മൂല്യങ്ങൾ അംഗീകരിക്കുന്നവരും ഇസ്രയേലിനെ ഒരു ജൂത-ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കുന്നവരും ഇസ്രയേലിനു വേണ്ടി സൈനിക-സിവിലിയൻ ദേശീയ സേവനം നടത്താൻ തയാറുള്ളവരും മാത്രമേ യാഷർ പാർട്ടി ഭരിക്കുന്ന ഗവണ്മെന്‍റിലെ പങ്കാളികളാകൂ എന്നാണ് ഐസെൻ കോട്ട് നെതന്യാഹുവിന്‍റെ ആരോപണത്തെ പ്രതിരോധിച്ചു പറഞ്ഞത്.

എന്നാൽ നെതന്യാഹു യാഷർ പാർട്ടിക്കും ഐസെൻകോട്ടിനും എതിരേ അഴിച്ചു വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിനെ ശാന്തമാക്കുക അത്ര എളുപ്പമല്ല എന്നറിയാവുന്ന ഐസെൻകോട്ട് ഇസ്രയേലിലെ മുഖ്യ അറബ് പാർട്ടിയായ റാം പാർട്ടിയെയും അതിന്‍റെ നേതാവ് മൻസൂർ അബ്ബാസിനെയും ലക്ഷ്യം വച്ച് പുതിയ നിബന്ധനയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഹമാസിനെ ഇസ്രയേൽ നശിപ്പിക്കേണ്ട ഒരു ഭീകര സംഘടനയായി അംഗീകരിക്കാത്ത പാർട്ടികൾ ഒന്നും തന്നെ തന്‍റെ പാർട്ടി രൂപീകരിക്കുന്ന സർക്കാരിന്‍റെ ഭാഗമാകില്ല എന്നാണ് ഐസെൻകോട്ട് യാഷർ പാർട്ടിയുടെ പ്രസ്താവനയിലൂടെ പരോക്ഷമായി അറബ് ജനതയോട് യാഷർ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

നിലവിൽ ഈ കർശനമായ നിബന്ധന പാലിക്കുന്ന ഒരു നേതാവു മാത്രമേ റാം എന്ന അറബ് പാർട്ടിയിൽ ഉള്ളു. അത് ജൂതനായ മുൻ സീനിയർ പോലീസ് ഉദ്യോഗസ്ഥനും ഇപ്പോൾ റാമിന്‍റെ സ്ഥാനാർഥിയുമായ യോവ് സെഗലോവിറ്റ്സ് ആണ്. സെഗലോവിറ്റ്സ് ഇസ്രയേലിലെ യെഷ് ആറ്റിഡ് മേഖലയിലെ മുൻ എംകെയും കൂടിയാണ്. എന്തായാലും നെതന്യാഹു അഴിച്ചു വിട്ട ഈ രാഷ്ട്രീയക്കൊടുങ്കാറ്റ് ഇപ്പോഴും ഇസ്രയേലിൽ സജീവമായി അലയടിക്കുകയാണ്.

Gadi Eisenkot,

Avigdor Lieberman,

Naftali Bennett

ഗാഡി ഐസെൻകോട്ട്,

അവിഗ്ഡോർ ലിബർമാൻ, 

നഫ്താലി ബെന്നറ്റ്

ഇസ്രയേലികളെ സംബന്ധിച്ചിടത്തോളം അറബ് രാഷ്ട്രീയ പങ്കാളിത്തമെന്നത് വളരെ വൈകാരികമായ ഒന്നാണ്. ആ നിർണായകമായ പോയിന്‍റിലാണ് നെതന്യാഹു എതിരാളികൾക്കെതിരേ തീ കോരിയിട്ടത്. നെതന്യാഹുവിന്‍റെ ഈ തീക്കാറ്റിൽ തന്‍റെ ശക്തരായ രണ്ടു പ്രതിയോഗികളുടെ ഐക്യത്തിനു വിള്ളൽ വീഴ്ത്താനുമായി എന്നാണ് വിദഗ്ധ രാഷ്ട്രീയ നിരീക്ഷകരുടെ മതം. ഗാഡി ഐസെൻകോട്ടിന്‍റെ പ്രതിപക്ഷ പങ്കാളിയാണ് അവിഗ്ഡോർ ലിബർമാൻ. ഈ പ്രസ്താവനയോടെ ഐസെൻകോട്ട്-ലിബർമാൻ രാഷ്ട്രീയ ബന്ധത്തിനും വിള്ളൽ വീഴ്ത്താൻ നെതന്യാഹുവിന് ഈ വൈകാരിക ആരോപണത്തിലൂടെ സാധിച്ചു എന്നതാണ് സത്യം.

നെതന്യാഹു വിരുദ്ധ "ചേഞ്ച് ബ്ലോക്ക്" നിലംപതിക്കുകയും നിരവധി വോട്ടെടുപ്പുകളിൽ സീറ്റുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ ഇസ്രയേലിൽ കാണുന്നത്. നെതന്യാഹു വിരുദ്ധ "ചേഞ്ച് ബ്ലോക്കിലെ" തന്‍റെ പങ്കാളികൾ ഇപ്പോൾ ബ്ലോക്കിന്‍റെ നേതൃത്വം അംഗീകരിക്കണമെന്ന് ഇസ്രായേൽ റേഡിയോയുടെ റെഷെറ്റ് ബെറ്റിന് വ്യാഴാഴ്ച രാവിലെ നൽകിയ അഭിമുഖത്തിൽ ഐസൻകോട്ട് ആവശ്യപ്പെട്ടു. എന്നാൽ ആരാണ് തന്‍റെ പങ്കാളികൾ എന്ന് ഐസെൻ കോട്ട് വ്യക്തമാക്കണമെന്നാണ് യിസ്രായേൽ ബെയ്‌റ്റെനു പാർട്ടിയുടെ ലിബർമാൻ തിരിച്ചടിച്ചത്. ഇത് ഈ രണ്ടു പ്രതിപക്ഷ പാർട്ടികളും തമ്മിൽ നെതന്യാഹു സൃഷ്ടിച്ച വിള്ളൽ എത്ര വലുതാണെന്നു വ്യക്തമാക്കുന്നതാണ്.

അറബികളെയും അപകടകാരികളായ ഇടതുപക്ഷക്കാരെയും ഉൾപ്പെടുത്തി ഐസെൻകോട്ട് ഒരു സർക്കാർ രൂപീകരിക്കാൻ പദ്ധതിയിടുന്നു എന്ന നെതന്യാഹുവിന്‍റെ കടുത്ത മുന്നറിയിപ്പ് ഇസ്രേയലിലെമ്പാടും പ്രകമ്പനം കൊള്ളുകയാണ്. 2015ലെ തെരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു ലിക്വുഡ് പാർട്ടിയുടെ തെരഞ്ഞടുപ്പു ദിനതന്ത്രം. അന്ന് അറബ് പൗരന്മാർ "കൂട്ടത്തോടെ" പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി ജൂത സമൂഹത്തെ പരിഭ്രാന്തിയിലാഴ്ത്തിയ നെതന്യാഹുവിന്‍റെ വാക്കുകളിൽ പരിഭ്രാന്തരായ ഇസ്രയേലികൾ ഭൂരിപക്ഷവും വോട്ടു ചെയ്യാനെത്തി.

നെതന്യാഹു ഐസെൻ കോട്ടിനെതിരേ ഉയർത്തിയ രാഷ്ട്രീയ ആരോപണം മാത്രമല്ല ഇപ്പോൾ യാഷർ പാർട്ടിയുടെ തലവേദന. വീണ്ടും പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് മത്സരിക്കുന്ന ബിയാച്ചാദിലെ സഹ വലതുപക്ഷ-പ്രതിപക്ഷ പാർട്ടി നേതാവ് നഫ്താലി ബെന്നറ്റും യിസ്രായേൽ ബെയ്‌റ്റെനു പാർട്ടി നേതാവ് ലിബർമാനും യാഷർ പാർട്ടിക്കും ഗാഡി ഐസെൻകോട്ടിനും പരാജയത്തിന്‍റെ കുഴി വെട്ടുകയാണ്. അതു കൊണ്ടാണ് നെതന്യാഹു തന്‍റെ തെരഞ്ഞെടുപ്പു പ്രചരയോഗങ്ങളിൽ പറയാൻ നേരായ ഒരു പ്രതിപക്ഷം പോലുമില്ല എന്ന് ആവർത്തിക്കുന്നതും.എന്തായാലും ഇസ്രയേൽ രാഷ്ട്രീയത്തിൽ അടുത്ത വിജയം ആർക്കാകുമെന്ന് കാത്തിരുന്നു കാണുക തന്നെ.

logo
Metro Vaartha
www.metrovaartha.com