
ദുബായ്: യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ പുതിയ ഫെറി ടൂർ സേവനവുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റ ഫെറി ടിക്കറ്റിൽ മൂന്ന് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാം. ടി.ആർ17 എന്ന ഫെറി സർവീസിലൂടെ രണ്ടു ദിവസങ്ങളിലും വൈകിട്ട് നാലുമണി മുതൽ അർധരാത്രി 12.30 വരെ ദുബായ് ഫെസ്റ്റിവൽ, ജദ്ദാഫ്, ക്രീക്ക് ഹാർബർ എന്നീ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാം. 25 മിനിറ്റ് ഇടവേളകളിൽ സേവനം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
എമിറേറ്റിലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന ആളുകൾക്ക് മികച്ച യാത്രാ സേവനങ്ങൾ ലഭ്യമാക്കാനായി ദുബായ് മെട്രൊ, ട്രാം, പൊതു ബസ്, അബ്ര, വാട്ടർ ടാക്സി എന്നിവയുടെ പ്രവർത്തന സമയവും നീട്ടിയിട്ടുണ്ട്.
അവധി ദിനങ്ങളിൽ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും സുഗമവും സുരക്ഷിതവുമായ യാത്രാ സേവനങ്ങൾ നൽകാനാണ് ശ്രമിക്കുന്നത് എന്ന് ദുബായ് ആർ ടി എ അറിയിച്ചു.