

അൽ ദഫ്രയിലെ ബറാക്ക ആണവ നിലയം.
അബുദാബി: യുഎഇയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണം ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ച സാഹചര്യത്തിൽ, തങ്ങളുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾക്കെതിരേ ഇറാഖ് സർക്കാർ അടിയന്തിരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സാങ്കേതിക അന്വേഷണങ്ങൾക്കും റഡാർ നിരീക്ഷണങ്ങൾക്കും ഒടുവിലാണ് ആണവനിലയത്തെ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളും പറന്നുയർന്നത് ഇറാഖിൽ നിന്നാണെന്ന് യുഎഇ കണ്ടെത്തിയത്. ഡ്രോൺ ആക്രമണത്തിൽ ബറാക്ക നിലയത്തിന്‍റെ പുറംഭാഗത്തുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഉടനടി പ്രവർത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.
ആർക്കും പരിക്കേൽക്കുകയോ ആണവനിലയത്തിന്‍റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടുകയോ ചെയ്തിട്ടില്ല. റേഡിയേഷൻ ഭീഷണികളൊന്നും നിലവിലില്ലെന്ന് ആണവ നിയന്ത്രണ അഥോറിറ്റി വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണമെന്ന് യുഎഇ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎഇക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും അപലപിച്ചു. യു.എൻ സുരക്ഷാ കൗൺസിലിൽ അമെരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയും ഈ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.