യുഎസിലെ ഹെയ്തി, സിറിയൻ പൗരന്മാരെ പുറത്താക്കാൻ അമെരിക്ക

പുറത്താക്കപ്പെടുന്നത് മൂന്നര ലക്ഷം ഹെയ്തി പൗരന്മാരും ആറായിരം സിറിയക്കാരും
 America to expel Haitian, Syrian citizens in US

യുഎസിലെ ഹെയ്തി, സിറിയൻ പൗരന്മാരെ പുറത്താക്കാൻ അമെരിക്ക

Updated on

അഫ്ഗാനിസ്ഥാൻ, കാമറൂൺ, എത്യോപ്യ, ഹോണ്ടുറാസ്, മ്യാൻമർ, നേപ്പാൾ, നിക്കരാഗ്വേ, സോമാലിയ, ദക്ഷിണ സുഡാൻ, വെനസ്വേല,യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സമാനമായ സാഹചര്യമാണ് നേരിടേണ്ടി വരിക.

വാഷിങ്ടൺ: യുഎസിൽ താമസമാക്കിയ മൂന്നര ലക്ഷം ഹെയ്തി പൗരന്മാരും ആറായിരത്തോളം വരുന്ന സിറിയക്കാരും അധികം വൈകാതെ തന്നെ സ്വന്തം നാട്ടിലേയ്ക്കു മടങ്ങിപ്പോകേണ്ടി വന്നേക്കും. നാടു കടത്തൽ പരിരക്ഷ (Deportation Protection) പിൻവലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിന് അമെരിക്കൻ സുപ്രീം കോടതി അംഗീകാരം നൽകിയതോടെയാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതിയിൽ 6-3 ഭൂരിപക്ഷത്തിനാണ് ഈ വിധി പ്രസ്താവിച്ചത്. താൽക്കാലിക സംരക്ഷണ പദവി ലഭിച്ചിട്ടുള്ള ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നുള്ള പത്തു ലക്ഷത്തിലധികം ആളുകളെ ഈ വിധി ബാധിച്ചേക്കും.

ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് എന്നത് യുദ്ധം, പ്രകൃതി ദുരന്തം, ആഭ്യന്തര സംഘർഷം തുടങ്ങിയ അസാധാരണ സാഹചര്യങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമെരിക്ക നൽകുന്ന പ്രത്യേക സംരക്ഷണ പദവിയാണ്. ഈ പദവി ലഭിച്ചവർക്ക് നാടു കടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കും. അമെരിക്കയിൽ നിശ്ചിത കാലയളവിൽ താമസിച്ച് നിയമപരമായി ജോലി ചെയ്യാനുള്ള അനുമതിയും ഈ നിയമം നൽകിയിരുന്നു. പുതിയ കോടതി വിധി പ്രകാരം ഹെയ്തി, സിറിയ എന്നിവിടങ്ങളിലെ പൗരന്മാർക്ക് നൽകിയിരുന്ന ടിപിഎസ് അവസാനിപ്പിക്കാനുള്ള ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ തീരുമാനം കോടതിയുടെ പുന: പരിശോധനയ്ക്ക് വിധേയമല്ല.

എന്നാൽ ഹെയ്തിയിലെയും സിറിയയിലെയും ടിപിഎസ് ഗുണഭോക്താക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കഴിഞ്ഞ ഏപ്രിലിൽ നടന്ന വാദത്തിനിടെ ചൂണ്ടിക്കാട്ടിയത് ഇവരുടെ രാജ്യങ്ങളിലെ സാഹചര്യം ഇപ്പോഴും അതീവ ഗുരുതരമാണെന്നും ടിപിഎസ് റദ്ദാക്കാനുള്ള തീരുമാനത്തിനു പിന്നിൽ വംശീയ വിവേചനവും ഒരു കാരണമായിരുന്നു എന്നുമാണ്. എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു.

പ്രസിഡന്‍റിന്‍റെയോ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെയോ പരാമർശങ്ങളിൽ വ്യക്തമായ വംശീയതയില്ല. അവ നയപരമായ അഭിപ്രായങ്ങളായിമാത്രമേ കാണാനാകൂ എന്ന് ജസ്റ്റിസ് അലിറ്റോ വിധിയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാൻ, കാമറൂൺ, എത്യോപ്യ, ഹോണ്ടുറാസ്, മ്യാൻമർ, നേപ്പാൾ, നിക്കരാഗ്വേ, സോമാലിയ, ദക്ഷിണ സുഡാൻ, വെനസ്വേല,യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സമാനമായ സാഹചര്യമാണ് നേരിടേണ്ടി വരിക.

logo
Metro Vaartha
www.metrovaartha.com