

യുഎഇ യാത്ര ചെയ്യാൻ സുരക്ഷിതമായ ഇടമെന്ന് യുകെ വിദേശകാര്യ മന്ത്രാലയം
ദുബായ്: യുഎഇ യിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് ഏറ്റവും അനുകൂലവും സുരക്ഷിതവുമായി യാത്ര ചെയ്യാവുന്ന ഇടം എന്ന പദവി നിലനിർത്തി യു കെ വിദേശകാര്യ മന്ത്രാലയം . മേഖലയിൽ മറ്റ് പല രാജ്യങ്ങളിലും സുരക്ഷാ ആശങ്കകൾ നിലനിൽക്കുമ്പോഴും യുഎഇ സുരക്ഷിതമാണെന്ന വിലയിരുത്തലിലാണ് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടത്.
വിനോദസഞ്ചാരത്തിനും ബിസിനസ്സ് ആവശ്യങ്ങൾക്കുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് യുണൈറ്റഡ് കിങ്ഡം സർക്കാരിന്‍റെ ഈ നിലപാട്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ മികച്ച സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും മുൻനിർത്തിയാണ് യാത്രാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിനും ടൂറിസം മേഖലയ്ക്കും ഈ തീരുമാനം കൂടുതൽ കരുത്ത് പകരും. ടൂറിസം സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നുള്ള സന്ദർശകരുടെ ഒഴുക്ക് വർധിക്കാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ.