യുക്രെയ്ന് ചിലന്തിവല, റഷ്യക്ക് പേൾ ഹാർബർ

യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയ്ക്ക് 7 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണു യുക്രെയ്‌ന്‍റെ സുരക്ഷാ സേവനമായ എസ്ബിയു കണക്കാക്കുന്നത്.
Ukraine drone attack operation spider web on Russian airbase

‌യുക്രെയ്ന് ചിലന്തിവല, റഷ്യക്ക് പേൾ ഹാർബർ

Updated on

കീവ്: 2025 ജൂണ്‍ 1ന് യുക്രെയ്ന്‍ ' സ്‌പൈഡേഴ്‌സ് വെബ് ' എന്ന കോഡ് നെയിം ഉപയോഗിച്ച് നടത്തിയ സൈനിക ഓപ്പറേഷനില്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ ഒന്നിലധികം വരുന്ന വ്യോമതാവളങ്ങളാണ്. അവിടെ നിലയുറപ്പിച്ചിരുന്ന 40 റഷ്യന്‍ വിമാനങ്ങളും തകര്‍ന്നു. ആക്രമണത്തിന്‍റെ വ്യാപ്തി കണക്കാക്കുമ്പോള്‍ ഇതുവരെ യുക്രെയ്ന്‍ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ജൂണ്‍ 1ലേത്. റഷ്യന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചതാകട്ടെ റഷ്യയുടെ പേള്‍ ഹാര്‍ബര്‍ നിമിഷമെന്നുമാണ്.

യുക്രെയ്ന്‍ 117 ഡ്രോണുകളാണ് ഉപയോഗിച്ചത്. അത്രയും തന്നെ ഡ്രോണ്‍ ഓപ്പറേറ്ററും ആക്രമണത്തിനായി ഉപയോഗിച്ചു. ഇതിലൂടെ റഷ്യയുടെ 34 ശതമാനം വരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനികളെ നശിപ്പിക്കാന്‍ യുക്രെയ്‌ന് സാധിച്ചെന്ന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി പറഞ്ഞു.

യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയ്ക്ക് 7 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണു യുക്രെയ്‌ന്‍റെ സുരക്ഷാ സേവനമായ എസ്ബിയു കണക്കാക്കുന്നത്. യുക്രെയ്നിന്‍റെയും ലോകത്തിന്‍റെയും മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന വിനാശകരമായ നടപടികളിലേക്ക് റഷ്യ തിരിയുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകം.

ഡ്രോണ്‍ ആക്രമണത്തെ റഷ്യ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. യുക്രെയ്‌ന്‍റെ ആക്രമണം വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കു തടസമാകുമെന്നും കരുതുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ യുക്രെയ്ന്‍ റഷ്യക്കെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ' റഷ്യയുടെ പേള്‍ ഹാര്‍ബര്‍ ' എന്നാണു വിശേഷിപ്പിക്കുന്നത്.

1941 ഡിസംബര്‍ ഏഴിനാണ് പേള്‍ ഹാര്‍ബര്‍ ആക്രമിക്കപ്പെട്ടത്. അന്ന് ഹവായിയിലെ ഒവാഹുവിലുള്ള യുഎസ് നാവിക താവളത്തില്‍ ജാപ്പനീസ് വിമാനങ്ങള്‍ 19 യുദ്ധക്കപ്പലുകളിലും 300 വിമാനങ്ങളിലും ബോംബുകള്‍ വര്‍ഷിച്ചു. 2400ല്‍ അധികം സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കാന്‍ അമെരിക്കയെ നിര്‍ബന്ധിതരാക്കിയത്.

മൂന്ന് വര്‍ഷം പിന്നിടുന്ന യുക്രെയ്ന്‍ യുദ്ധം

റഷ്യ-യുക്രെയ്ന്‍ യുദ്ധം ഫലത്തില്‍ മോസ്‌കോയും നാറ്റോയും തമ്മിലുള്ള ഒരു നിഴല്‍ യുദ്ധമാണ്. യുക്രെയ്ന്‍ സൈന്യത്തെ യുദ്ധത്തില്‍ സഹായിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളും നാറ്റോയുമാണ്. അവര്‍ വിതരണം ചെയ്യുന്ന ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചാണ് യുക്രെയ്‌നിയന്‍ സൈന്യം യുദ്ധം ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 1ന് നടത്തിയ സ്‌പൈഡേഴ്‌സ് വെബ് എന്ന സൈനിക നടപടി സ്വന്തം നിലയിലുള്ളതായിരുന്നെന്നാണു യുക്രെയ്ന്‍ അവകാശപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെയോ നാറ്റോയുടെയോ സഹായമില്ലായിരുന്നെന്നും യുക്രെയ്ന്‍ പറയുന്നു. ഇക്കാര്യം പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി തന്നെ എക്‌സ് എന്ന നവമാധ്യമത്തില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ആണവായുധം പ്രയോഗിക്കുമോ ?

യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആ ഭീഷണി കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാരണം ജൂണ്‍ 1ന് റഷ്യയ്‌ക്കെതിരേ നടന്ന ആക്രമണത്തില്‍ അവരുടെ തന്ത്രപ്രധാനമായ ബോംബര്‍ നിരയെയാണു യുക്രെയ്ന്‍ തകര്‍ത്തത്. ഇതിനര്‍ഥം ഒരു പൂര്‍ണ തോതിലുള്ള യുദ്ധമുണ്ടായാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യയ്ക്ക് ഇപ്പോള്‍ കുറച്ച് വിമാനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. യുക്രെയ്‌നിന്‍റെ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ, ജൂണ്‍ 1ന് റഷ്യ യുക്രെയ്‌നിലേക്ക് 400ലധികം ഡ്രോണുകളാണു വിക്ഷേപിച്ചത്.

റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ച രണ്ടാം റൗണ്ട് ഇസ്താംബുളില്‍

ഇസ്താംബുള്‍: റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചയുടെ രണ്ടാം റൗണ്ട് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളില്‍ ഇന്നലെ ആരംഭിച്ചു. തീരുമാനിച്ച് ഉറപ്പിച്ച സമയത്തിനും രണ്ട് മണിക്കൂര്‍ വൈകിയാണ് ചര്‍ച്ച ആരംഭിച്ചത്. വെറും അര മണിക്കൂര്‍ കൊണ്ട് ചര്‍ച്ച അവസാനിക്കുകയും ചെയ്തു.

മേയ് 16നായിരുന്നു ആദ്യ റൗണ്ട് ചര്‍ച്ച ഇസ്താംബുളില്‍ ആരംഭിച്ചത്. ചര്‍ച്ചയ്ക്കു ശേഷം ഇരുപക്ഷവും 1000 വീതം യുദ്ധ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ രണ്ടാം റൗണ്ട് ആരംഭിച്ചപ്പോൾ സ്ഥിതി അനുകൂലമല്ല. കാരണം രണ്ടാം റൗണ്ട് ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പാണ് യുക്രെയ്ന്‍ റഷ്യയ്‌ക്കെതിരേ വന്‍ തോതില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് കീവിന് തക്കതായ മറുപടി നല്‍കണമെന്ന വികാരം മോസ്‌കോയിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com