യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഗൗരവമായി പരിഗണിക്കുന്ന ചുരുക്കം ചില ലോകനേതാക്കളില്‍ ഒരാളാണ് മോദിയെന്നും പോളണ്ട് വിദേശകാര്യ സഹമന്ത്രി
Prime Minister Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated on

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ വഷളാകുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ വഹിച്ച പങ്കിനെ പോളണ്ട് പ്രശംസിച്ചു. 2022ന്‍റെ അവസാനത്തില്‍ യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് അതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിച്ചുവെന്ന് പോളണ്ട് വിദേശകാര്യ സഹമന്ത്രി വ്‌ലാഡിസ്ലാവ് തിയോഫില്‍ ബാര്‍ട്ടോസ്സെവ്സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഗൗരവമായി പരിഗണിക്കുന്ന ചുരുക്കം ചില ലോകനേതാക്കളില്‍ ഒരാളാണ് മോദിയെന്നും ബാര്‍ട്ടോസ്സെവ്സ്‌കി വ്യക്തമാക്കി.

റഷ്യയുമായുള്ള ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം ന്യൂഡല്‍ഹിക്ക് ഒരു സവിശേഷ സ്ഥാനം നല്‍കുന്നുവെന്നും സമാധാനത്തിനായുള്ള ശ്രമങ്ങളില്‍ ഒരു പ്രധാന പങ്കാളിയായി അതിനെ മാറ്റുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ബാര്‍ട്ടോസ്സെവ്സ്‌കി പറഞ്ഞു. ശത്രുത പുലര്‍ത്താത്ത രാജ്യങ്ങളില്‍ നിന്ന് സംയമനം പാലിക്കാനുള്ള അഭ്യര്‍ഥന വരുമ്പോള്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. റഷ്യയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. ഇന്ത്യയുമായി പതിറ്റാണ്ടുകളായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന റഷ്യയ്ക്ക് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ തള്ളി കളയാന്‍ സാധിക്കില്ല. ഇന്ത്യയെ പോലെ റഷ്യ പ്രാധാന്യം കൊടുക്കുന്ന മറ്റൊരു രാജ്യം ചൈനയാണെന്നും ബാര്‍ട്ടോസ്സെവ്സ്‌കി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com