
ഡോണാൾഡ് ട്രംപ്
Freepik.com
കീവ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും നടത്തിയ ചർച്ചയ്ക്കുശേഷവും ആക്രമണം തുടർന്നു റഷ്യയും യുക്രെയ്‌നും. താത്കാലിക വെടിനിർത്തലിന് പുടിൻ സമ്മതിച്ചെന്നു യുഎസ് വൃത്തങ്ങൾ അറിയിച്ചശേഷമായിരുന്നു ഡ്രോൺ ആക്രമണങ്ങൾ. 30 ദിവസത്തെ സമ്പൂർണ വെടിനിർത്തൽ വേണമെന്നാണു ട്രംപ് നിർദേശിച്ചത്. ഇതു പുടിൻ അംഗീകരിച്ചില്ല. എന്നാൽ, യുക്രെയ്‌ന്‍റെ വൈദ്യുതോത്പാദന കേന്ദ്രങ്ങൾക്കു നേരേയുള്ള ആക്രമണം നിർത്താമെന്നു സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നുള്ള സൈനിക സഹായം പൂർണമായി നിർത്തിയാൽ ദീർഘകാലത്തേക്കു വെടിനിർത്തൽ നടപ്പാക്കാമെന്നും പുടിൻ അറിയിച്ചു.
എന്നാൽ, ട്രംപിനു വാക്കുകൊടുത്തശേഷവും പുടിൻ വൈദ്യുത കേന്ദ്രങ്ങൾ ആക്രമിച്ചെന്നു യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലൻസ്കി ആരോപിച്ചു. 150 ആക്രമണങ്ങൾ നടത്തിയെന്നു പറഞ്ഞ സെലൻസ്കി ട്രംപുമായി താൻ സംസാരിക്കുന്നുണ്ടെന്നും അറിയിച്ചു.