മിസൈൽ ശേഖരം തീരുന്നു; ഇറാനിൽ യുഎസ് വിട്ടുവീഴ്ച

ഇറാനിലെ യുദ്ധം കാരണം അമെരിക്കയുടെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ഇന്‍റർസെപ്റ്റർ ശേഖരം അപകടകരമാംവിധം കുറഞ്ഞതായി റിപ്പോർട്ട്
US backout due to lack of missile defence systems

താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനം.

Updated on

വാഷിങ്ടൺ: ഇറാനിലെ യുദ്ധം കാരണം അമെരിക്കയുടെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ഇന്‍റർസെപ്റ്റർ ശേഖരം അപകടകരമാംവിധം കുറഞ്ഞതായി റിപ്പോർട്ട്. സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, യുദ്ധത്തിന് മുൻപുള്ള ശേഖരവുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് സൈന്യം താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഏകദേശം 80 ശതമാനത്തോളം ഇന്‍റർസെപ്റ്ററുകളും ഇതിനകം ഉപയോഗിച്ചുതീർത്തു. കൂടാതെ, പേട്രിയറ്റ് ഇന്‍റർസെപ്റ്ററുകളുടെ ഉപയോഗം 50 ശതമാനത്തോളമായി ഉയർന്നിട്ടുമുണ്ട്.

ഏപ്രിൽ മാസം യുദ്ധത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ യുഎസ് സൈന്യം തങ്ങളുടെ ടോമാഹോക്ക് മിസൈലുകളുടെ ഏകദേശം 30 ശതമാനവും ഉപയോഗിച്ചിരുന്നതായി മുൻപ് റിപ്പോർട്ട് വന്നിരുന്നു.

വാരാന്ത്യത്തിൽ ഇറാനെതിരേ നടത്താൻ നിശ്ചയിച്ചിരുന്ന വലിയ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത്, പ്രതിരോധ ആയുധങ്ങളുടെ ഗണ്യമായ കുറവാണെന്നും സൂചന. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സമ്മർദം മൂലമാണ് ട്രംപ് ആക്രമണത്തിൽ നിന്ന് പിന്മാറിയതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

സെന്‍റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസിന്‍റെ കണക്കുകൾ പ്രകാരം, ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യുഎസ് സേനയുടെ പക്കൽ ഏകദേശം 2,200 പേട്രിയറ്റ് മിസൈലുകളും 452 താഡ് മിസൈലുകളും ഉണ്ടായിരുന്നു.

യുദ്ധത്തിനിടയിൽ യുഎസ് ആർമി തങ്ങളുടെ കൃത്യതയേറിയ ദൂരപരിധിയുള്ള ഉപരിതല-വ്യോമ ആയുധങ്ങൾ "ഏകദേശം പൂർണമായും" ഉപയോഗിച്ചു തീർത്തതായി റിപ്പോർട്ട് പറയുന്നു. ദൂരപരിധിയും കൃത്യതയുമുള്ള മിസൈലുകളുടെ യുഎസ് ശേഖരത്തെക്കുറിച്ചുള്ള പ്രത്യേക ആശങ്കയും റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാനിലെ ആക്രമണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപുമായി നടത്തിയ ചർച്ചയിൽ ഗൾഫിലെ സഖ്യ രാജ്യങ്ങൾ തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് കാരണം, ഇറേനിയൻ പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞതായാണ് അവരുടെ വിലയിരുത്തൽ.

യുഎസ് സൈനിക താവളങ്ങളുള്ള മിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളും അമെരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അമെരിക്കൻ ആക്രമണങ്ങളെത്തുടർന്ന് തങ്ങൾക്ക് നേരെ ഉണ്ടാകാവുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തടയാൻ ആയുധ ക്ഷാമം തടസമാകുമെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ആയുധങ്ങൾ കുറയുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളും, ഊർജ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇറാന്‍റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, ഗൾഫ് രാജ്യങ്ങളുടെ ആശങ്കകളും ട്രംപിന്‍റെ ഉപദേശകരെ വാരാന്ത്യത്തിലെ പദ്ധതികളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ, ആയുധങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് നിഷേധിക്കുകയാണ്. ആവശ്യത്തിലധികം ആയുധങ്ങളും വെടിക്കോപ്പുകളും യുഎസിന്‍റെ പക്കലുണ്ടെന്നാണ് സിഎൻഎന്നിനോടു സംസാരിച്ച വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി അവകാശപ്പെട്ടത്.

അതേസമയം, 'ലോകത്തെ ഏറ്റവും മികച്ച മെയ്ഡ് ഇൻ അമെരിക്ക ആയുധങ്ങൾ' കൂടുതൽ നിർമിക്കാൻ പ്രസിഡന്‍റ് ട്രംപ് യുഎസിന്‍റെ പ്രതിരോധ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന കെല്ലി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com