

യുഎസ് സെറ്റനർ ലിൻഡ്‌സി ഗ്രഹാം
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായിയും അമെരിക്കയുടെ വിദേശകാര്യ നയത്തിൽ നിർണായക സ്വാധീനവും ചെലുത്തിയിരുന്ന യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം (71)അന്തരിച്ചു. റിപബ്ലിക്കൻ പാർട്ടിക്കാരനായിരുന്നു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായിരുന്നു. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈയ്നെ തുറന്നു പിന്തുണച്ചിരുന്ന റിപബ്ലിക്കൻ നേതാവായിരുന്നു. 2016ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയുടെ ക്യാമ്പയിനിൽ ട്രംപിന്‍റെ കടുത്ത എതിരാളിയായിരുന്നു ഗ്രഹാം. എന്നാൽ പിന്നീട് ട്രംപിന്‍റെ അടുത്ത അനുയായിയായി മാറുകയായിരുന്നു. യുക്രൈയ്ൻ യുദ്ധത്തിനിടെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ഗ്രഹാം നിശിതമായി വിമർശിച്ചിരുന്നു.
1994ൽ യുഎസ് ജനപ്രതിനിധി സഭയിലേക്കാണ് ഗ്രഹാം ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002ൽ സെനറ്റിൽ എത്തി. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗ്രഹാം യുഎസ് വ്യോമസേനയിലും സേവനമനുഷ്ഠിച്ചിരുന്നു. വ്യോമസേനയിൽ നിന്ന് കേണൽ റാങ്കിലാണ് വിരമിച്ചത്.