സമാധാന നൊബേൽ പുരസ്കാരം ട്രംപിന്‍റെ കൈയിൽ; കൈമാറിയത് പുരസ്കാര ജേതാവ്
സമാധാന നൊബേൽ പുരസ്കാരം ട്രംപിന്‍റെ കൈയിൽ; കൈമാറിയത് പുരസ്കാര ജേതാവ്
ന്യൂയോർക്ക്: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കൈമാറി പുരസ്കാര ജേതാവും വെനിസ്വേല പ്രതിപക്ഷ നേതാവുമായ മരിയ കോറിന. അദ്ഭുതകരമാം വിധമുള്ള പരസ്പര ബഹുമാനത്തിന്‍റെ പ്രകടനമെന്നാണ് ട്രംപ് സമ്മാനം കൈമാറിയതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ എത്തിയാണ് മച്ചാഡോ പുരസ്കാരം ട്രംപിന് നൽകിയത്. വെനിസ്വേലയിൽ യുഎസ് സൈനിക നീക്കം നടത്തി പ്രസിഡന്‍റ് നികോളാസ് മഡൂറോയെ തടവിലാക്കിയതിനു തൊട്ടു പിന്നാലെയാണ് മച്ചാഡോ പുരസ്കാരവുമായി വൈറ്റ് ഹൗസിലെത്തിയത്.
മച്ചാഡോക്കൊപ്പം നൊബേൽ പുരസ്കാരവുമായി നിൽക്കുന്ന ട്രംപിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെനിസ്വേലയെ സ്വതന്ത്രമാക്കുന്നതിനായുള്ള തീരുമാനമെടുത്ത ട്രംപിനോടുള്ള വ്യക്തിപരവും വെനിസ്വേലൻ ജനതയുടെയും പേരിലുള്ള നന്ദി അറിയിക്കുന്നതിനു വേണ്ടിയാണ് പുരസ്കാരം കൈമാറിയതെന്ന് മച്ചാഡോ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്‍റെയും യുഎസിന്‍റെയും ധൈര്യം വെനിസ്വേല ഒരു കാലത്തും മറക്കില്ലെന്നും മച്ചാഡോ.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഏറ്റവും അർഹൻ താനാണെന്ന് ട്രംപ് നിരന്തരമായി അവകാശപ്പെടുന്നുണ്ട്. എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെടുന്നു. ഇന്ത്യ-പാക്കിസ്ഥാൻ സൈനിക നീക്കം അവസാനിപ്പിച്ചതിന്‍റെ മധ്യസ്ഥനാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. യുഎസ് മുൻ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് സമാധാന നൊബേൽ ലഭിക്കാൻ അർഹത ഇല്ലായിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.
എന്നാൽ നൊബേൽ പുരസ്കാരജേതാക്കൾക്ക് തന്നിഷ്ടപ്രകാരം പുരസ്കാരം മറ്റാർക്കും കൈമാറാൻ സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ പുരസ്കാരം പ്രഖ്യാപിച്ചാൽ അത് തിരിച്ചെടുക്കുകയോ, പങ്കു വയ്ക്കുകയോ, മറ്റാർക്കെങ്കിലും നൽകുകയോ സാധ്യമല്ല. തീരുമാനം എക്കാലത്തേക്കും അന്തിമമായിരിക്കുമെന്നും കമ്മിറ്റി പറയുന്നു.
മെഡലോ സർട്ടിഫിക്കറ്റോ വേണമെങ്കിൽ കൈമാറാം പക്ഷേ ജേതാവിനെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

